തിരുവനന്തപുരം:പോലീസ്‌സ്‌റ്റേഷന്‍ ആക്രമണക്കേസിലെ പ്രതികളെ തിരഞ്ഞ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ പരിശോധന നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനോട് മുഖ്യമന്ത്രി നേരിട്ട് വിശദീകരണം തേടി.നേരത്തെ ഡിജിപിയും ചൈത്ര തെരേസ ജോണിനോട് വിശദീകരണം തേടിയിരുന്നു.ജില്ലാ സെക്രട്ടറി ഡിജിപിക്ക് നല്‍കിയ പരാതിയില്‍ റെയ്ഡിനെ കുറിച്ച് കമ്മീഷണര്‍ അന്വേഷിക്കും.
ഇന്നലെ അര്‍ധ രാത്രിയാണ് ഡിസിപി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസില്‍ പൊലീസ് പരിശോധന നടത്തിയത്.തിരുവനന്തപുരം മെഡിക്കല്‍ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികള്‍ക്കായാണ് തെരച്ചില്‍ നടത്തിയത്.പ്രതികളുടെ വീടുകളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.എന്നാല്‍ പ്രതികളെയൊന്നും കണ്ടെത്താനായില്ല.ഓഫീസ് സെക്രട്ടറി അടക്കം കുറച്ച്‌പേര്‍ മാത്രമേ പരിശോധനാ സമയത്ത് സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ ഉണ്ടായിരുന്നുള്ളൂ.
പ്രതികളിലൊരാളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ബണ്ട് കോളനി സ്വദേശിയുമായ മനോജിനെ പൊലീസ് ഇന്ന് ഉച്ചയോടെ മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോക്‌സോ കേസ് പ്രതിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.അറസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത്. കേസില്‍ ആകെ പത്ത് പ്രതികളുണ്ട്.