തിരുവനന്തപുരം: സിസ്റ്റര്‍ അഭയക്കേസിന്റെ വിചാരണയ്ക്കിടെ അമ്പതാം സാക്ഷിയായ സിസ്റ്റര്‍ കൂറുമാറി.സിസ്റ്റര്‍ അനുപമയാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ നടക്കുന്ന വിചാരണയ്ക്കിടെ നേരത്തേ പറഞ്ഞ മൊഴി മാറ്റിപ്പറഞ്ഞത്. ഇതോടെ സിസ്റ്റര്‍ അനുപമ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
സിസ്റ്റര്‍ അഭയക്കൊപ്പം പയസ് ടെന്‍ത് കോണ്‍വെന്റില്‍ താമസിച്ചിരുന്നയാളാണ് സിസ്റ്റര്‍ അനുപമ. പഠിച്ചു കൊണ്ടിരുന്നപ്പോള്‍ കിണറ്റിനുള്ളില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നെന്നും സിസ്റ്റര്‍ അഭയുടെ ശിരോവസ്ത്രവും ചെരിപ്പും കിണറിന് സമീപത്ത് കണ്ടെന്നും നേരത്തേ സിസ്റ്റര്‍ അനുപമ അന്വേഷണസംഘത്തിനു മൊഴി നല്‍കിയിരുന്നു.എന്നാല്‍ അസ്വാഭാവികമായി ഒന്നും കാണുകയോ കേള്‍ക്കുകയോ ചെയ്തില്ലെന്നാണ് സിസ്റ്റര്‍ അനുപമ ഇന്നു കോടതിയില്‍ പറഞ്ഞത്.
ഫാ.തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍.രണ്ടാം പ്രതിയായ ഫാ ജോസ് പൂതൃക്കയില്‍, ക്രൈം ബ്രാഞ്ച് മുന്‍ എസ് പി കെ ടി മൈക്കിള്‍ എന്നിവരെ കുറ്റവിമുക്തരാക്കിയിരുന്നു.2009 -ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രതികള്‍ നിരന്തരം ഇടപെട്ട് കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് വിചാരണ വൈകിയത്.