ഇന്‍ഡോര്‍: കേരളാ കത്തോലിക്ക സഭയുടെ അഭിമാനമായി സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. മധ്യപ്രദേശില്‍ ഇന്‍ഡോറിലെ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിന് സമീപമുള്ള സെന്റ് പോള്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ചടങ്ങുകള്‍ നടന്നത്. സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കല്‍പ്പന കര്‍ദ്ദിനാള്‍ എയ്ഞ്ചലോ അമിറ്റോ ലത്തീന്‍ ഭാഷയിലും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇംഗ്‌ളീഷിലും വായിച്ചു. വത്തിക്കാനിലെ വിശുദ്ധ ഗണ വിഭാഗം മേധാവിയാണ് എയ്ഞ്ചലോ അമിറ്റോ.സിബിസിഐ പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാബാവ, ബോംബെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഇന്ത്യയിലെ വത്തിക്കാന്‍ അംബാസിഡര്‍ ആര്‍ച്ച്ബിഷപ് ഡോ ജാംബത്തി സ്ത ദിക്കാത്രോ, ഇന്‍ഡോര്‍ ബിഷപ് ഡോ ചാക്കോ തോട്ടുമാരിക്കല്‍, സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് ഡോ തിയോഡര്‍ മസ്‌കരനാസ് തുടങ്ങി അമ്പതോളം ബിഷപ്പുമാര്‍ ചടങ്ങുകളില്‍ കാര്‍മികത്വം വഹിച്ചു. രാജ്യത്തിന് അകത്തും പുറത്തും നിന്നും 50 ഓളം മെത്രാന്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു.

.കത്തോലിക്കാ സഭയുടെ പുണ്യ നക്ഷത്രമായി സിസ്റ്റര്‍ റാണി മരിയ ഇനി വിശ്വാസിസമൂഹത്തിന് മുന്നില്‍ ജ്വലിച്ച് നില്‍ക്കും. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രാവിലെ 10 മണിക്കായിരുന്നു ചടങ്ങുകള്‍. സിസ്റ്ററുടെ ജന്മനാടായ പുല്ലുവഴിയില്‍ രാവിലെ ഒന്‍പത് മണിക്ക് വിശ്വാസി സമൂഹം ഒരുമിച്ച് വിശുദ്ധ ബലി അര്‍പ്പിക്കുകയും ചെയ്തു. ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം സി്സ്റ്ററുടെ ജന്മദേശമായ പുല്ലുവഴിയില്‍ ഒരുക്കിയിരുന്നു. നവംബര്‍ 15 ന് സിസ്റ്റര്‍ റാണി മരിയയുടെ തിരുശേഷിപ്പ് പുല്ലുവഴിയില്‍ എത്തിക്കും. നവംബര്‍ 19 നാണ് പുല്ലുവഴിയില്‍ കൃതജ്ഞതാ ബലിയും ആഘോഷങ്ങളും നടക്കുക. സിസ്റ്റര്‍ റാണി മരിയയുടെ കുടുംബാംഗങ്ങളും പുല്ലുവഴി ഇടവക പ്രതിനിധികളും എഫ് സി സി സന്ന്യാസിനി സമൂഹത്തിന്റെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

പ്രേക്ഷിത ശുശ്രൂഷയ്‌ക്കൊപ്പം ജന്‍മിവാഴ്ചയ്ക്കും കര്‍ഷക ചൂഷണത്തിനും ഇരയായി കഴിഞ്ഞിരുന്ന മധ്യപ്രദേശിലെ മിര്‍ജാപ്പൂര്‍ ഗ്രാമവാസികളെ സിസ്റ്റര്‍ റാണി മരിയ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിപ്പിച്ചു. വരുമാനത്തിന്റെ വിഹിതം ബാങ്കില്‍ നിക്ഷേപിച്ച് കൃഷി ചെയ്യാനും വട്ടിപ്പലിശക്കാരുടെ മുന്നില്‍ ജീവിതം പണയം വയ്ക്കാതിരിക്കാനും പഠിപ്പിച്ചു ഈ കന്യാസ്ത്രീ. സിസ്റ്ററുടെ പ്രവര്‍ത്തനങ്ങളില്‍ വിറളി പൂണ്ട ജന്മിമാര്‍ ഏര്‍പ്പാടാക്കിയ സമുന്ദര്‍ സിങ്ങെന്ന വാടകഗുണ്ടയുടെ കുത്തേറ്റാണ് 1995 ഫെബ്രുവരി 25ന് 41 കാരിയായ സിസ്റ്റര്‍ റാണി മരിയ രക്തസാക്ഷിത്വം വരിച്ചത്. വിശുദ്ധ അല്‍ഫോന്‍സാമ്മയ്ക്കും ചാവറയച്ചനും ഏവുപ്രാസ്യാമ്മക്കും ശേഷം കേരള കത്തോലിക്കാ സഭയ്ക്ക് ലഭിക്കുന്ന മറ്റൊരു സമ്മാനമാണ് സിസ്റ്റര്‍ റാണി മരിയ. ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷി എന്ന ഖ്യാതിയോടെയാണ് സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ന്നത്.