വയനാട്:സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടു.വെള്ളമുണ്ട പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസെത്തിയാണ് വാതില്‍ തുറന്നത്. സംഭവത്തില്‍ മഠം അധികൃതര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. രാവിലെ ആറരയോടെ മഠത്തിനോട് ചേര്‍ന്നുള്ള പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകാനായി ഇറങ്ങുമ്പോഴാണ് വാതില്‍ പുറത്തുനിന്നും പൂട്ടിയതായി മനസിലായത്. തുടര്‍ന്ന് സിസ്റ്റര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തന്നെ തടങ്കലിലാക്കാന്‍ ശ്രമിക്കുന്നുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ ആരോപിച്ചു. മഠത്തില്‍ നിന്നും പുറത്താക്കിയായി അറിയിച്ചുവെങ്കിലും സിസ്റ്റര്‍ ലൂസി മഠത്തില്‍ നിന്നുമിറങ്ങാന്‍ തയ്യാറായിരുന്നില്ല.
കഴിഞ്ഞ ആഴ്ചയാണ് സിസ്റ്റര്‍ ലൂസിയെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം (എഫ്‌സിസി) മഠത്തില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് മകളെ മഠത്തില്‍ നിന്ന് കൊണ്ടു പോകണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസിയുടെ അമ്മയ്ക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ നടപടിക്കെതിരെ സിസ്റ്റര്‍ ലൂസി വത്തിക്കാന് പരാതി നല്‍കിയിരിക്കുകയാണ്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ചതിനെത്തുടര്‍ന്നാണ് സഭ സിസ്റ്റര്‍ ലൂസിക്കെതിരെ തിരിഞ്ഞത്. തുടര്‍ന്ന് നിരവധി കാരണങ്ങള്‍ പറഞ്ഞ് നിരന്തരം സിസ്റ്റര്‍ക്കെതിരെ പ്രതികാരനടപടികള്‍ തുടങ്ങി.
ദാരിദ്ര്യ വ്രതം ലംഘിച്ച് സഭയുടെ അനുവാദമില്ലാതെ കാര്‍ വാങ്ങി, പുസ്തകം പ്രസിദ്ധീകരിച്ചു,വിലക്ക് മറികടന്ന് തുടര്‍ച്ചയായി മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി, സഭയ്‌ക്കെതിരായി നിലപാടെടുത്തു തുടങ്ങിയ ആരോപണങ്ങളാണ് സഭ സിസ്റ്റര്‍ക്കു നേരെ ഉന്നയിച്ചത്. പല തവണ വിശദീകരണം ചോദിച്ച് സിസ്റ്റര്‍ക്ക് നോട്ടീസ് അയച്ചെങ്കിലും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് നിലപാടിലായിരുന്നു സിസ്റ്റര്‍ ലൂസി. ഇതേത്തുടര്‍ന്നാണ് സഭ പുറത്താക്കല്‍ നടപടികളിലേക്കു പോയത്.