കല്‍പ്പറ്റ:ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സികെ ജാനു എന്‍ഡിഎ വിട്ടു.മുന്നണിയില്‍ വേണ്ടത്ര പരിഗണന ലഭിക്കാത്തതുകൊണ്ടാണ് തീരുമാനമെന്ന് കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടി യോഗത്തിനുശേഷം ജാനു പറഞ്ഞു.അതേസമയം ആരുമായും രാഷ്ട്രീയ ചര്‍ച്ചക്ക് തയ്യാറാണെന്നും സികെ ജാനു പറഞ്ഞു.
കേരളത്തില്‍ പട്ടിക വര്‍ഗ്ഗമേഖല പ്രഖ്യാപിക്കണമെന്ന ആവശ്യം ജാനു ഉന്നയിച്ചിരുന്നു.ഈ വിഷയത്തില്‍ അമിത് ഷാ ഉള്‍പ്പടെ ഉള്ളവരുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനമായില്ല.ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളിലേക്ക് തങ്ങളെ പരിഗണിച്ചില്ല. കുറച്ച് കാലങ്ങളായി എന്‍.ഡി.എയുടെ യോഗങ്ങള്‍ പോലും കേരളത്തില്‍ നടക്കുന്നില്ലെന്നും ജാനു പറഞ്ഞു.
എന്‍.ഡി.എയില്‍ നിന്ന് പുറത്തുവരണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിട്ട് മാസങ്ങളായി.എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.അതുകൊണ്ടാണ് രണ്ടുവര്‍ഷം നീണ്ട സഖ്യത്തിനൊടുവില്‍ എന്‍ഡിഎ വിടുന്നതെന്നും ജാനു പറയുന്നു.2016ലാണ് സി.കെ.ജാനു സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ സഭ രൂപീകരിച്ചത്.