കണ്ണൂര്‍: മനുഷ്യത്വം മരവിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടെങ്കില്‍ അത് കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി മാത്രമായിരിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി.
കെപിസിസി പ്രസിഡന്റ് എം എം ഹസ്സന് നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് കണ്ണൂരില്‍ നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്തും സിപിഎം ക്രൂരമായി കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കുടുംബത്തിന് കോണ്‍ഗ്രസ് സംസ്ഥാന-ജില്ലാ നേതൃത്വം സ്വരൂപിച്ച ധനസഹായം വിതരണം ചെയ്തും സംസാരിക്കുകയായിരുന്നു ആന്റണി.
രാഷ്ട്രീയ പ്രവര്‍ത്തനവും അതോടൊപ്പം സാമുഹിക പ്രവര്‍ത്തനവും നടത്തി പ്രദേശത്തെ ജനങ്ങളുടെ മനസ്സില്‍ നിറഞ്ഞ് നില്ക്കുന്ന ഷുഹൈബിനെ 41 വെട്ട് വെട്ടി കൊലപ്പെടുത്തിയിട്ടും അവരുടെ അക്രമ കൊതി മാറിയിട്ടില്ലെന്ന് വേണം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ തുടര്‍ന്നുള്ള ഓരോ പ്രവര്‍ത്തികളും കാണുമ്പോള്‍ കരുതാന്‍. അവിടെ പ്രാദേശികമായ യോഗങ്ങള്‍ സിപി എം നടത്തുമ്പോഴും പ്രകടനങ്ങള്‍ നടത്തുമ്പോഴും ഷുഹൈബിനെ സഹായിക്കുന്നവര്‍ ആരായാലും ഷുഹൈബിന്റെ അനുഭവമായിരിക്കുമെന്നാണ് സി പി എമ്മിന്റെ മുന്നറിയിപ്പ്. ഇതെല്ലാം കാണിക്കുന്നത് ഇനിയും കൊലപാതകം ആവര്‍ത്തിക്കുമെന്നാണ്. സി പി എം ഇപ്പോള്‍ രാഷ്ട്രീയ എതിരാളികളെ മാത്രമല്ല. തങ്ങളെ വിമര്‍ശിക്കുന്നവരെയും തങ്ങള്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അവരെയും നേരിടുന്ന പ്രസ്ഥാനമായി മാറിയിരിക്കുകയാണ്-ആന്റണി പറഞ്ഞു.
സിപിഎം അക്രമം നിര്‍ത്തണമെങ്കില്‍ അക്രമം നടത്തിയവരെ മാത്രമല്ല അതിന് നേതൃത്വം കൊടുത്തവരെയും കല്തുറുങ്കില് അടക്കണം. ഷുഹൈബിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുവാന്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നടത്തിയ പ്രക്ഷോഭം പ്രശംസനീയമാണെന്നും നിയമത്തിന്റെ ഏതറ്റംവരെയും പോകുമ്പോഴും എല്ലാ പിന്തുണയും തന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും ആന്റണി പറഞ്ഞു.