ആലപ്പുഴ: സി പി ഐയ്ക്കും റവന്യൂ മന്ത്രിയ്ക്കും പിണറായി സര്‍ക്കാര്‍ പുല്ലുവിലയാണ് നല്‍കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍. കായല്‍ കയ്യേറ്റ വിവാദത്തില്‍പ്പെട്ട മന്ത്രി തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ വസതിയിലേക്ക് യു ഡി എഫ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദത്തില്‍ക്കഴിയുന്ന മന്ത്രി രാജി വെക്കുകയെന്ന ആവശ്യമുന്നയിച്ചുകൊണ്ടുള്ള മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി.
സി പി ഐയ്ക്കും റവന്യൂ മന്ത്രിയ്ക്കും പിണറായി സര്‍ക്കാര്‍ പുല്ലുവിലയാണ് നല്‍കുന്നത്. അഴിമതി ആരോപണം നേരിടുന്ന മന്ത്രിയെ രാജിവെപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വരണം. എ കെ ശശീന്ദ്രനെയും ഇ പി ജയരാജനെയും രാജിവെപ്പിക്കാന്‍ പിണറായിക്കുണ്ടായ തിടുക്കം എന്തുകൊണ്ടാണ് തോമസ് ചാണ്ടിയുടെ പ്രശ്‌നത്തില്‍ കാണാത്തതെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് എം എം ഹസന്‍ ചോദിച്ചു.
നാല്പത് കിലേമീറ്ററോളം കാല്‍നടയായി സഞ്ചരിച്ചാണ് മന്ത്രിയുടെ വസതിയിലെത്തിയത്. പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് അകത്ത് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പോലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.