ന്യൂഡല്‍ഹി:ബോയിങ് 737 മാക്സ് 8 വിമാനങ്ങളുടെ സര്‍വ്വീസ് ഇന്ത്യയിലും നിര്‍ത്തിവെക്കാന്‍ ഉത്തരവ്.കേന്ദ്ര വ്യോമായന മന്ത്രാലയമാണ് ഉത്തരവിറക്കിയത്.അടുത്തകാലത്തായി രണ്ടു വിമാനദുരന്തങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് അധികൃതരുടെ തീരുമാനം.വിമാനത്തിന്റെ ഘടനയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നത് വരെ സര്‍വീസ് നിര്‍ത്തിവെക്കാനാണ് തീരുമാനം.വൈകിട്ട് നാല് മണിയോടെ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തവെക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞദിവസം എത്യോപ്യയില്‍ ബോയിങ് 737 മാക്സ്-എട്ട് വിമാനം തകര്‍ന്നുവീണ് 157 പേര്‍ മരിച്ച പശ്ചാത്തലത്തില്‍ക്കൂടിയാണ് വിമാനങ്ങളുടെ സുരക്ഷയില്‍ ആശങ്കയുയര്‍ന്നത്. മാസങ്ങള്‍ക്കു മുന്‍പ് മറ്റൊരു ബോയിംഗ് വിമാനം കൂടി തകര്‍ന്നു വീണിരുന്നു. സിങ്കപ്പൂര്‍, ചൈന,ഇന്‍ഡൊനീഷ്യ,ദക്ഷിണകൊറിയ, മംഗോളിയ, ഓസ്ട്രേലിയ,മലേഷ്യ തുടങ്ങിയ രാജ്യങ്ങളും വിമാനത്തിന്റെ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു.