തിരുവനന്തപുരം:സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിനു മുന്നില്‍ ആത്മഹത്യാശ്രമം.ശരീരത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ മുട്ടട അഞ്ചുവയല്‍ സ്വദേശി വേണുഗോപാലന്‍ നായരെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശരീരത്തില്‍ 90 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ബി ജെ പി നേതാവ് സി കെ പത്മനാഭന് നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിലേക്ക് ഓടിക്കയറിയ വേണുഗോപാലന്‍നായര്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകരുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടലാണ് വന്‍ദുരന്തം ഒഴിവാക്കിയതെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു.