ഗോവന്‍ ചലച്ചിത്ര മേളയില്‍ സെക്‌സി ദുര്‍ഗ കാണാനിരുന്നവരെ നിരാശപ്പെടുത്തിക്കൊണ്ട് വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ കൈകടത്തല്‍. പതിമൂന്നംഗ ജൂറി തിരഞ്ഞെടുത്ത 26 ചിത്രങ്ങളടങ്ങിയ പട്ടികയില്‍ നിന്നും സനല്‍ കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗയ്ക്ക് പുറമേ രവി യാദവിന്റെ നൂഡ് എന്ന ചിത്രവുമാണ് വാര്‍ത്താ വിനിമയ മന്ത്രാലയം ഒരുകാരണവുമില്ലാതെ മാറ്റിയത്.

മുംബൈയിലെ ന്യൂഡ് മോഡലിന്റെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമായ ന്യൂഡ് ഇന്ത്യന്‍ പനോരമ വിഭാഗത്തിന്റെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കാന്‍ ജൂറി ആംഗങ്ങള്‍ ഐക്യകണ്‌ഠേന തീരുമാനിച്ചതാണ്. എന്നാല്‍ ഈ ചിത്രത്തിന് പകരം വിനോദ് കാപ്രിയുടെ ‘പീഹൂ’ പ്രദര്‍ശിപ്പിക്കുമെന്നാണ് മന്ത്രാലയം ആറിയിയിച്ചിരിക്കുന്നത്.

‘കഹാനി’യുടെ സംവിധായകന്‍ സുജോയ് ഘോഷിന്റെ നേതൃത്വത്തിലുള്ള ജൂറി അംഗങ്ങളെ അറിയിക്കാതെയാണ് മന്ത്രാലയം പട്ടിക മാറ്റി പുതിയത് പുറത്തുവിട്ടത്. ജൂറി അംഗങ്ങള്‍ ഇതില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. ‘മന്ത്രാലയം പുറത്തുവിട്ട പട്ടിക ഞങ്ങള്‍ സമര്‍പ്പിച്ചതേയല്ല.. ന്യൂഡും സെക്‌സി ദുര്‍ഗയും മികച്ച സിനിമകളാണ്, ഫെസ്റ്റിവലില്‍ കാണികള്‍ക്ക് പ്രിയപ്പെട്ടതായി മാറുമായിരുന്ന ചിത്രങ്ങളാണിവയെന്ന്’ ജൂറി അംഗമായ രുചി നരേയ്ന്‍ അഭിപ്രായപ്പെട്ടു.

ഗോവന്‍ മേളയുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിലും വലിയ പ്രതീക്ഷയില്ലായിരുന്നുവെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ അഭിപ്രായപ്പെട്ടു. സെക്‌സി ദുര്‍ഗ എന്ന പേര് മാറ്റി എസ് ദുര്‍ഗ എന്നാക്കിയിട്ടാണ് മാമി ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചത്. മന്ത്രാലയത്തിന്റെ സെക്രട്ടറിക്ക് ചിത്രം ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചതായും അറിഞ്ഞിരുന്നു. എന്നാല്‍ താന്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത് ഗവണ്‍മന്റിനായല്ല അത് പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ളതാണെന്നും അവരിലേക്ക് സിനിമയെ എത്തിക്കാന്‍ സ്വകാര്യ പ്രദര്‍ശനങ്ങളും ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളും വഴിതുറക്കുമെന്നും സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞു.