കൊല്ലം: സോളാര്‍ കേസ് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ അതീവ ഗൗരവമുള്ളതാണെന്നും റിപ്പോര്‍ട്ട് അവഗണിക്കാനാവുന്നതല്ലെന്നും മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ വി എം സുധീരന്‍.

സോളാര്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ജസ്റ്റീസ് ജി ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. ഇതേക്കുറിച്ച് കൊല്ലത്ത് മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് സംജാതമായിട്ടുള്ളത്. യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിട്ടുള്ളത് എന്നത് അതിന്റെ ഗൗരവം ഒന്നുകൂടി വര്‍ദ്ധിപ്പിക്കുന്നു. വിഷയത്തേക്കുറിച്ച് കൂടുതലായി ഇപ്പോള്‍ പറയുന്നില്ലെന്നും റിപ്പോര്‍ട്ട് പരിശോധിച്ചശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും സുധീരന്‍ വ്യക്തമാക്കി.