തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് ഉപയോഗിച്ച് യുഡിഎഫിനെ കരിവാരി തേക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു. റിപ്പോര്‍ട്ടിനെ കോടതിയില്‍ നേരിടാന്‍ തയ്യാറാണെന്നും മുരളീധരന്‍ വ്യക്തമാക്കി.
തികച്ചും രാഷ്ട്രീയ പ്രേരിതമായ റിപ്പോര്‍ട്ടാണ് ഇന്നലെ സഭയില്‍ വെച്ചതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. ഒരു കമ്മീഷന്‍ അന്വേഷിച്ച റിപ്പോര്‍ട്ട് മറ്റൊരു കമ്മീഷനെ കൊണ്ട് അന്വേഷിക്കേണ്ട ഗതികേടാണ് ഇപ്പോള്‍ ഉള്ളത്. ഏതു അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതായും മുരളീധരന്‍ പറഞ്ഞു.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇതുകൊണ്ടൊന്നും യുഡിഎഫിനെയോ കോണ്‍ഗ്രസിനെയോ ദുര്‍ബലപ്പെടുത്താമെന്ന് കരുതേണ്ട. സോളാര്‍ വിഷയം വന്ന സമയം മുതല്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും, ഇപ്പോഴും ഒറ്റക്കെട്ടാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ച സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസിനെതിരെയും യുഡിഎഫ് നേതാക്കള്‍ക്കെതിരെയും ലൈംഗികാരോപണം ഉള്‍പ്പെടെ ഗുരുതരമായ വിവരങ്ങളാണ് പുറത്തുവന്നത്