തിരുവല്ല:മാരാമണ്‍ കണ്‍വെഷനില്‍ ഇനി രാത്രിയോഗങ്ങളുടെ സമയം മാറ്റി.രാത്രി യോഗങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യത്തെത്തുടര്‍ന്നാണ് സമയക്രമം മാറ്റിയത്. ഈ വര്‍ഷം മുതല്‍ 5 ന് യോഗം ആരംഭിച്ച് 6.30ന് അവസാനിക്കും വിധം സായാഹ്ന യോഗങ്ങളായാണ് പുനഃക്രമീകരിച്ചിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം വരെ 6.30ന് ആരംഭിക്കുന്ന രാത്രി യോഗം 8.30 വരെ നീണ്ടുനിന്നിരുന്നു.രാത്രി യോഗങ്ങളില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല.അതേസമയം 6.30 ന് അവസാനിക്കുന്ന യോഗങ്ങളില്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാമെന്ന് മാര്‍ത്തോമ്മാ സഭ വ്യക്തമാക്കി.
മാര്‍ത്തോമ്മ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത നാളെ പള്ളികളില്‍ വായിക്കാനയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഫെബ്രുവരി 10 മുതല്‍ 17 വരെയാണ് ഈ വര്‍ഷത്തെ മാരാമണ്‍ കണ്‍വന്‍ഷന്‍.ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയായ മാരാമണ്‍ കണ്‍വെന്‍ഷന്‍ പമ്പാ തീരത്തെ മണപ്പുറത്താണ് നടക്കുന്നത്.