ആലപ്പുഴ:സ്ത്രീധനത്തെച്ചൊല്ലി ഭര്‍തൃവീട്ടുകാരുടെ പീഡനം സഹിക്കാനാവാതെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി.ആലപ്പുഴ പറവൂര്‍ ജംക്ഷനിലെ ഹോട്ടലില്‍ റിസപ്ഷനിസ്റ്റായിരുന്ന സൂര്യ(20) ജീവനൊടുക്കിയ സംഭവത്തിലാണ് ഭര്‍ത്താവ് പുന്നപ്ര തെക്ക് ഗുരുപാദം ജംക്ഷനില്‍ പതിനേഴരയില്‍ ഗോകുല്‍ നിവാസില്‍ ഗോകുലിനെ (ഉണ്ണി26)പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളെ റിമാന്‍ഡ് ചെയ്തു.
ജനുവരി 1ന് ഭര്‍തൃവീട്ടില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച സൂര്യയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്നുതന്നെ മരിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി സൂര്യ മാതാപിതാക്കളെ അറിയിച്ചിരുന്നു.
ഹോട്ടലില്‍ ജോലി ചെയ്യുന്ന സമയത്താണ് സൂര്യ ജെസിബി മെക്കാനിക്കായ ഗോകുലുമായി പ്രണയത്തിലാവുന്നത്. തുടര്‍ന്ന് ഗോകുല്‍ സൂര്യയെ വിളിച്ചുകൊണ്ടുപോയെങ്കിലും വീട്ടുകാര്‍ ഇടപെട്ട് കഴിഞ്ഞ ജൂണില്‍ രണ്ടുപേരുടേയും വിവാഹം നടത്തി.10 പവന്‍ സ്വര്‍ണവും 1,20,000 രൂപയും സ്ത്രീധനമായി കൊടുത്തായിരുന്നു വിവാഹം. എന്നാല്‍ സ്ത്രീധനത്തുക പോരെന്ന് പറഞ്ഞ് സ്ഥിരമായി ഭര്‍ത്താവും വീട്ടുകാരും മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നെന്നും ഇത് സഹിക്കാനാവാതെയാണ് സൂര്യ ആത്മഹത്യ ചെയ്തതെന്നുമാണ് പോലീസ് പറയുന്നത്.