തിരുവനന്തപുരം: എവിടെ എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോയുടെ പേരില്‍ തനിക്കുനേരെയുണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ ഡിജിപിക്കു പരാതി നല്‍കിയതായി നടി ആശാ ശരത്.സ്ത്രീയായതുകൊണ്ടാണ് തനിക്കുനേരെ സംഘടിത ആക്രമണമുണ്ടായതെന്നും ആശ ശരത് പറഞ്ഞു.തിരുവനന്തപുരം പ്രസ്ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. സിനിമയുടെ പ്രൊമോഷനു വേണ്ടി ചെയ്ത വീഡിയോ എഡിറ്റ് ചെയ്ത് തെറ്റായി പ്രചരിപ്പിക്കുകയായിരുന്നെന്നും ഇതാണ് ആളുകള്‍ക്ക് തെറ്റിദ്ധാരണയുണ്ടാക്കിയതെന്നും ആശാ ശരത് പറയുന്നു.
വീഡിയോയുടെ തുടക്കത്തില്‍ ‘എവിടെ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന് വീഡിയോ ആണെന്ന് കൃത്യമായി പറയുന്നുണ്ട്. വീഡിയോ അവസാനിക്കുന്നതും, ചിത്രത്തിന്റെയും സംവിധായകന്റെയും പേര് വച്ചാണ്.ചിലര്‍ ഇത് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു.കട്ടപ്പന പൊലീസ് സ്റ്റേഷന് എന്ന് ആ വീഡിയോയില്‍ പരാമര്‍ശിച്ചത് ആ സിനിമയുമായി ബന്ധപ്പെട്ടതാണ് പൊലീസ് സ്റ്റേഷന് എന്നതിനാലാണ്.ഇതിന്റെ പേരില്‍ തനിക്കെതിരെ കേസെടുത്തതായോ ആരെങ്കിലും കേസ് നല്കിയതായോ അറിവില്ലെന്നും ആശ ശരത് പറഞ്ഞു.
കെ.കെ.രാജീവ് സംവിധാനം ചെയ്ത ‘എവിടെ’ എന്ന ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടി തന്റെ ഭര്‍ത്താവിനെ കാണാനില്ല എന്നു പറഞ്ഞ് ആശ ശരത് ഫേസ്ബുക്ക് വീഡിയോ പുറത്തുവിട്ടിരുന്നു. സിനിമയില്‍ ആശ ശരത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവിനെ കാണാതാകുന്നുണ്ട്.എന്നാല്‍ വീഡിയോ തെറ്റിദ്ധരിച്ച് ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ ആശ ശരതിന്റെ ഭര്‍ത്താവിനെ കാണാതായെന്നു പറഞ്ഞ് വ്യാപകപ്രചരണം നടത്തി.തുടര്‍ന്ന് ഇത് സിനിമയുടെ പ്രൊമോഷനാണെന്ന് മനസിലായതോടെ ആളുകള്‍ സൈബര്‍ ആക്രമണം തുടങ്ങുകയായിരുന്നു.അഭിഭാഷകനായ ശ്രീജിത്ത് പെരുമന ആശ ശരതിനെതിരെ കട്ടപ്പന പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.