കൊച്ചി:സ്ഥിരം സിനഡിലെ മെത്രാന്‍മാരുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടു. എറണാകുളം അങ്കമാലി അതിരൂപതയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായി വിമതവൈദികര്‍ നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു. സഹായ മെത്രാന്മാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനും വ്യാജരേഖാ കേസില്‍ പീഡിപ്പിക്കുന്നെന്ന പരാതിയിലും ഇടപെടുമെന്നും സിനഡ് ഉറപ്പു നല്‍കി. അടുത്തമാസം ചേരുന്ന പൂര്‍ണ സിനഡ് കര്‍ദ്ദിനാളിനെതിരായ മറ്റ് പരാതികള്‍ ചര്‍ച്ച ചെയ്യും.അതിരൂപതയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുമെന്ന് ഉറപ്പു ലഭിച്ചതായി വൈദികര്‍ പറഞ്ഞു.
ഓഗസ്റ്റില്‍ നടക്കുന്ന മെത്രാന്‍ സിനഡിന്റെ അധ്യക്ഷസ്ഥാനത്ത് നിന്ന് കര്‍ദിനാള്‍ ആലഞ്ചേരിയെ മാറ്റുക,സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബിഷപ്പുമാരെ പൂര്‍ണ്ണചുമതലയോടെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഒരു വിഭാഗം വൈദികര്‍ സമരം നടത്തിയത്. സമരക്കാരുടെ പ്രതിനിധികളായ ഒമ്പത് വൈദികരുമായി സ്ഥിരം സിനഡ് പ്രതിനിധിയും തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഇന്നലെ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. തുടര്‍ന്നാണ് ഇന്നും വീണ്ടും ചര്‍ച്ച നടത്തിയത്.