ദില്ലി:അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് അനുശോചനമറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രമുഖ നേതാക്കളും. സുഷമ സ്വരാജിന്റെ ആകസ്മിക മരണം ഞെട്ടലുണ്ടാക്കുന്ന ഒന്നാണെന്നും സ്നേഹനിധിയായ ഒരു വ്യക്തിത്വത്തെയാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്നതെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ജനത അവരുടെ സേവനത്തെ എക്കാലത്തും ഓര്‍മിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മിന്നുന്ന ഏടിന് വിരാമമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സുഷ്മാ സ്വരാജിന്റെ വിയോഗത്തെക്കുറിച്ച് പറഞ്ഞത്. പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടിയും പൊതുജനങ്ങളുടെ സേവനത്തിനായും ജീവിതം ഉഴിഞ്ഞുവെച്ച നേതാവിന്റെ വിയോഗത്തില്‍ ഭാരതം തേങ്ങുന്നു.കോടിക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായിരുന്നു സുഷ്മ സ്വരാജ് എന്നും മോദി പറഞ്ഞു. സുഷ്മ പ്രഗത്ഭയായ വാഗ്മിയാണെന്നും മികച്ച പാര്‍ലമെന്റേറിയനാണെന്നും മറ്റ് പാര്‍ട്ടിയിലുള്ളവരും അവരെ ബഹുമാനിച്ചിരുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു
പാര്‍ലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും സുഷമാ സ്വരാജിന്റെ പ്രവര്‍ത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു.
സുഷമ സ്വരാജ് മികച്ച ഭരണാധികാരിയും ജനപ്രതിനിധിയും പൊതുപ്രവര്‍ത്തകയായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.സുഷമ സ്വരാജ് കേരളത്തിന് വേണ്ടി ചെയ്തിട്ടുള്ള വലിയ കാര്യങ്ങള്‍ എക്കാലവും കേരളം സ്മരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശകാര്യ മന്ത്രി എന്ന നിലയില്‍ കേരളവുമായി സുഷമ സ്വരാജ് നല്ല ബന്ധം സൂക്ഷിച്ചിരുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.സംസ്ഥാനം ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളിലും അവര്‍ ക്രിയാത്മകമായി പ്രതികരിച്ചിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
.