തിരുവനന്തപുരം:അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ഏകാധിപത്യപരമായി പെരുമാറുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പ്രതിപക്ഷം മാന്യതയുടെ പരിധി ലംഘിക്കുകയാണെന്ന് സ്പീക്കര്‍ പറയുന്നത് എന്ത് അര്‍ത്ഥത്തിലാണെന്നും ആത്മപരിശോധന നടത്തിയാല്‍ അദ്ദേഹത്തിന് ഇങ്ങനെ പറയാന്‍ സാധിക്കുമോ എന്നും ചെന്നിത്തല ചോദിച്ചു. സ്പീക്കറുടെ കസേര പണ്ട് തള്ളിയിട്ടതും മുണ്ട് മടക്കി കുത്തി ഡാന്‍സ് കളിച്ചതും തങ്ങളല്ലെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി പറയുന്നതിനപ്പുറം സ്പീക്കര്‍ പോകില്ലെന്നത് അംഗീകരിക്കാന്‍ സാധിക്കില്ല.സ്പീക്കറില്‍ നിന്ന് നീതിയുണ്ടാകണം.പ്രതിപക്ഷത്തെ കൂടി അംഗീകരിക്കാന്‍ തയ്യാറാകണം.ഒരേ വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുന്നത് മനസിലാകുന്നില്ല.സോളാര്‍ കേസുമായി ബന്ധപ്പെട്ട് എത്ര തവണ അന്നത്തെ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയിട്ടുണ്ടെന്ന് ഓര്‍മ്മയുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.
ചോദ്യോത്തര വേളയില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു.ശബരിമലയിലെത്തുന്ന ഭക്തരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മണ്ണാര്‍കാട് എംഎല്‍എ ഷംസുദ്ദീനാണ് ഇന്ന് നോട്ടീസ് കൊടുത്തത്.ഇന്നലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇതേ വിഷയത്തില്‍ നോട്ടീസ് നല്‍കിയിരുന്നു. ഇന്നത്തെ നോട്ടീസിലെ വിഷയം ഇന്നലെ ചര്‍ച്ച ചെയ്തതുകൊണ്ട് അവതരണാനുമതി നല്‍കരുതെന്ന് മുഖ്യമന്ത്രിആവശ്യപ്പെട്ടതനുസരിച്ച് സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമലയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഭയമാണ്.അതുകൊണ്ടാണ് പ്രതിപക്ഷത്തിന് അവസരങ്ങള്‍ നിഷേധിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.