കൊല്ലം:സര്‍ക്കാര്‍ പരിപാടിയില്‍ സ്വാഗത പ്രസംഗം നീണ്ടു പോയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പ്രസംഗിക്കാതെ വേദി വിട്ടു.തുടര്‍ന്ന് കൊല്ലത്ത് നടന്ന നാലു പരിപാടികളില്‍ പങ്കെടുത്തെങ്കിലും മുഖ്യമന്ത്രി പ്രസംഗിക്കാതെ മടങ്ങുകയായിരുന്നു.
കൊല്ലം ജില്ലാ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനമായിരുന്നു മുഖ്യമന്ത്രി പങ്കെടുത്ത ആദ്യ പരിപാടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണിയുടെ സ്വാഗതപ്രസംഗം നീണ്ടു പോയതോടെ മന്ത്രി കെ.കെ ശൈലജ പ്രസംഗം ചുരുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ പ്രസംഗം തുടരുകയായിരുന്നു.തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന മുഖ്യമന്ത്രി ഭദ്രദീപം കൊളുത്തിയ ശേഷം പ്രസംഗിക്കാതെ വേദി വിടുകയായിരുന്നു. ആരോഗ്യകാരണങ്ങളാല്‍ മുഖ്യമന്ത്രിക്ക് സംസാരിക്കാനാകില്ലെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. തുടര്‍ച്ചയായ പരിപാടികള്‍ കാരണം തൊണ്ടയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനാലാണ് മുഖ്യമന്ത്രി പ്രസംഗിക്കാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം.
സര്‍ക്കാരിന്റെയും സി.പി.എമ്മിന്റേതുമുള്‍പ്പെടെ അഞ്ച് പരിപാടികളാണ് മുഖ്യമന്ത്രി പിണറായി വിജയന് കൊല്ലത്തുണ്ടായിരുന്നത്.എല്ലായിടത്തും പങ്കെടുത്തെങ്കിലും പ്രസംഗിക്കാതെ മുഖ്യമന്ത്രി മടങ്ങുകയായിരുന്നു.