തിരുവനന്തപുരം:സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചത് പെട്രോളൊഴിച്ചാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ആശ്രമത്തിലുണ്ടായിരുന്ന രണ്ട് കാറുകളും ഒരു സ്കൂട്ടറും അക്രമികള്‍ കത്തിച്ചത്.ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.ഡെപ്യൂട്ടി കമ്മിഷണര്‍ ആര്.ആദിത്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
അതേസമയം ആക്രമണത്തിനു ശേഷവും സ്വാമി സന്ദീപാനന്ദഗിരിക്കെതിരെ ഭീണി സന്ദേശങ്ങള്‍ ലഭിക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തിനും ആശ്രമത്തിനും സുരക്ഷ ഏര്‍പ്പെടുത്തി.ഇന്നലെയും സ്വാമിയെ ഭീഷണിപ്പെടുത്തി ഫോണ്‍ സന്ദേശംവന്നിരുന്നു. ആശ്രമ ജീവനക്കാര്‍ പൊലീസിന് കൈമാറിയ ഭീഷണി സംഭാഷണ രേഖകള്‍ വിദേശത്തുനിന്നുള്ള ഇന്റര്‍നെറ്റ് കോളാണെന്ന് തിരുവനന്തപുരം സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്.
സമീപവാസികളില്‍നിന്ന് പൊലീസ് ഇന്നലെ മൊഴിയെടുത്തു. ഇതിനോടകം ഇരുപതോളം പേരെ ചോദ്യം ചെയ്തു.പൊലീസ് കസ്റ്റഡിയിലെടുത്ത ആശ്രമത്തിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരന് സംഭവവുമായി ബന്ധമില്ലെന്ന് വ്യക്തമായതിനാല്‍ വിട്ടയച്ചു.
പൊലീസ് ചോദ്യം ചെയ്യലില്‍ സംഘപരിവാര്‍ തന്നെയാണ് ആക്രമണത്തിന്റെ ആസൂത്രകരെന്ന വിവരം ലഭ്യമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.