തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍  എറ്റേണല്‍ സ്‌പോര്‍ട്ട്‌സുമായി ചേര്‍ന്ന് അണ്ടര്‍ 15 ടി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. ഈ മാസം 18-ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ 14 ജില്ലകളില്‍ നിന്നുള്ള 224 സ്‌ക്കൂളുകള്‍ പങ്കെടുക്കും. വിവിധ ജില്ലകളിലായി നടക്കുന്ന പ്രാഥമിക റൗണ്ടുകള്‍ തൊട്ടുള്ള മത്സരങ്ങള്‍ നോക്കൗട്ട് അടിസ്ഥാനത്തിലാണ്.  സെമിഫൈനല്‍ മത്സരങ്ങള്‍ തിരുവനന്തപുരത്ത് നടക്കും. ഡിസംബര്‍ 7ന് നടക്കുന്ന ഫൈനല്‍ മത്സരം തിരുവനന്തപുരം സ്‌പോര്‍ട്ട്‌സ് ഹബ്ബിലാണ് നടക്കുക. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച കളിക്കാരിലൊരാളായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണാണ് ടൂര്‍ണ്ണമെന്റിന്റെ ബ്രാന്‍ഡ് അംബാസഡര്‍. വിജയികള്‍ക്കും റണ്ണേഴ്‌സ് അപ്പിനും ട്രോഫികളും ഉപഹാരങ്ങളും സമ്മാനിക്കും. 
താഴെക്കിടയില്‍ ക്രിക്കറ്റ് വളര്‍ത്തുന്നതിന്റെ ഭാഗമായാണ് കേരള ക്രിക്കറ്റ് അസോസിയേഷനും എറ്റേണല്‍ സ്‌പോര്‍ട്ട്‌സും ചേര്‍ന്ന ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്. യുവ കളിക്കാര്‍ക്ക് ലോകത്തിന് മുന്നില്‍ കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള മികച്ച വേദിയാകും പാരഗണ്‍ സ്റ്റിമുലസ് കെസിഎ കപ്പെന്ന് ടൂര്‍ണ്ണമെന്റിന്റെ ബ്രാന്‍ഡ് അംബാസഡര്‍ സഞ്ജു സാംസണ്‍ പറഞ്ഞു. കേരളത്തിന് വേണ്ടി കളിക്കാനുള്ള അവസരത്തിന്റെ ആദ്യ പടിയാകുമിതെന്നും മത്സരത്തിന്റെ പ്രാധാന്യം വിശദീകരിച്ചു കൊണ്ട് സഞ്ജു സാംസണ്‍ കൂട്ടിച്ചേര്‍ത്തു. ടൂര്‍ണ്ണമെന്റിന്റെ ജഴ്‌സി സഞ്ജു സാംസണ്‍ പുറത്തിറക്കി. സഞ്ജുവിന് പുറമെ കെസിഎ വൈസ് പ്രസിഡണ്ട് റോങ്കഌന്‍ ജോണ്‍, ടിഡിസിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍, എസ് രമേഷ് , രഞ്ജിത്  തോമസ്, എറ്റേണല്‍ സ്‌പോര്‍ട്ട്‌സ് ഡയരക്ടര്‍ ഫിലിപ്പ് ജോണ്‍, പാരഗണ്‍ സ്റ്റിമുലസ് മാര്‍ക്കറ്റിങ്ങ് മേധാവി ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
പാരഗണ്‍ സ്റ്റിമുലസാണ് മത്സരത്തിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍. തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിനും അവസരം കാത്തിരിക്കുന്ന കളിക്കാര്‍ക്ക് ഈ സംരംഭം പ്രയോജനം ചെയ്യും. ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന കളിക്കാര്‍ക്ക് തങ്ങളുടെ സാദ്ധ്യതകള്‍ പുറത്തെടുക്കാനുള്ള വേദി കൂടിയാകും ഈ ടൂര്‍ണ്ണമെന്റ്. അണ്ടര്‍ 15, അണ്ടര്‍ 13 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ എറ്റേണല്‍ സ്‌പോര്‍ട്ട്‌സുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ സ്‌പോര്‍ട്ട്‌സ് വളര്‍ത്തുന്നത് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ആള്‍ റൗണ്ട് സ്‌പോര്‍ട്ട്‌സ് മാനേജ്‌മെന്റ് കമ്പനിയാണ് എറ്റേണല്‍ സ്‌പോര്‍ട്ട്‌സ്.