സിഡ്നി:ഓസ്ട്രേലിയയില്‍ സ്ട്രോബറിപ്പഴങ്ങളില്നിന്നും വ്യാപകമായി തയ്യല്‍ സൂചി കണ്ടെത്തിയ കേസില്‍ അമ്പതുകാരി അറസ്റ്റിലായി.സംഭവം നടന്ന് മൂന്നു മാസത്തിനുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രതിയെ കണ്ടെത്താനായത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ സ്ട്രോബറി കഴിച്ച ഒരാള്‍ക്ക് വയറുവേദന അനുഭവപ്പെട്ടത്.ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിലായി നൂറോളം പേര്‍ക്ക് വയറുവേദന അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ജനങ്ങള്‍ ഭീതിയിലായി.തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് സ്ട്രോബറി വില്‍പ്പന പൂര്‍ണമായും നിര്‍ത്തിവച്ചു.സ്ട്രോബറിക്ക് പുറമെ ആപ്പിള്‍, മാമ്പഴം തുടങ്ങിയ പഴവര്‍ഗ്ഗങ്ങളില്‍ നിന്നും തയ്യല്‍ സൂചികള്‍ കണ്ടെത്തിയിരുന്നു.അയല്‍രാജ്യമായ ന്യുസീലന്‍ഡിലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവില്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് വിറ്റ പ്ലാസ്റ്റിക് ബോക്സുകളിലെ സ്ട്രോബറികള്‍ക്കുള്ളില്‍ നിന്ന് സൂചികള്‍ കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ മൂന്നുമാസം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ സ്ത്രീയെ തിങ്കളാഴ്ച ബ്രിസ്ബേനിലെ കോടതിയില്‍ ഹാജരാക്കും.ഇവര്‍ എന്തിനാണ് ഈ കുറ്റകൃത്യം ചെയ്തതെന്നതിനെക്കുറിച്ച് പോലീസ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.