തിരുവനന്തപുരം: ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനത്തിനെന്ന പേരില്‍ ലക്ഷങ്ങള്‍ ശമ്പളം നിശ്ചയിച്ച് സെപ്ഷ്യല്‍ ലെയ്സണ്‍ ഓഫീസറെ നിയമിച്ചത് സര്‍ക്കാരിന്റെ ധൂര്‍ത്തെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.സംസ്ഥാനം വീണ്ടും വലിയ പ്രളയക്കെടുതിയില്‍ കഴിയുമ്പോള്‍ ഒരു ലക്ഷത്തി പതിനായിരം രൂപ മാസശമ്പളം നല്‍കുന്ന ഒരു തസ്തിക തികച്ചും അനാവശ്യമായി സൃഷ്ടിച്ച് സര്‍ക്കാര്‍ ഖജനാവ് ധൂര്‍ത്തടിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഭരണഘടനാ സ്ഥാപനമായ അഡ്വക്കറ്റ് ജനറല്‍ ഓഫീസും, അതിന് കീഴിലുള്ള 140 ഓളം സര്‍ക്കാര്‍ അഭിഭാഷകരും നിലനില്‍ക്കെയാണ് ഹൈക്കോടതിയിലെ കേസുകള്‍ക്കായി ഒരു സ്പെഷ്യല്‍ ലെയ്സണ്‍ ഓഫീസറുടെ തസ്തിക സൃഷ്ടിച്ചത്. സര്‍ക്കാരിന് നിയോമപദേശം നല്‍കുക, ഹൈക്കോടതിയില്‍ സര്‍ക്കാര്‍ കക്ഷിയായിരിക്കുന്ന കേസുകള്‍ നടത്തുകയും, അവയുടെ പുരോഗതി വിലയിരുത്തുകയും ചെയ്യുക എന്നിവയാണ് അഡ്വക്കറ്റ് ജനറല്‍ ഓഫീസിന്റെയും സര്‍ക്കാര്‍ അഭിഭാഷകരുടെയും പ്രധാന കര്‍ത്തവ്യം.അതിനിടെ ലെയ്സണ്‍ ഓഫീസര്‍ എന്ന തസ്തികയുണ്ടാക്കി ധൂര്‍ത്ത് നടത്തിയതെന്തിനായിരുന്നുവെന്നും ചെന്നിത്തല ചോദിച്ചു. അഡ്വക്കറ്റ് ജനറലിനെ കൂടാതെ ഡോ. എന്‍ കെ ജയകുമാറിനെ നിയമോപദേശകനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചിട്ടുമുണ്ട്.
ഡല്‍ഹിയില്‍ കേരളത്തിന്റെ ലെയ്സണ്‍ ഓഫീസറായി മുന്‍ എം.പി സമ്പത്തിനെ ക്യാബിനറ്റ് റാങ്കില്‍ ശമ്പളത്തോടെ നിയമിച്ച നടപടിക്ക് പിന്നാലെയാണ് ലക്ഷങ്ങള്‍ ശമ്പളം നല്‍കി ഹൈക്കോടതിയില്‍ ഒരു ലെയ്സണ്‍ ഓഫീസറെ നിയമിച്ചത്.സംസ്ഥാനം പ്രളയക്കെടുതിയില്‍ നട്ടം തിരിയുകയും സാമ്പത്തിക പ്രതിസന്ധിമൂലം കാര്യമായ സഹായങ്ങള്‍ ഒന്നും ദുരിതബാധിതര്‍ക്ക് നല്‍കാന്‍ സര്‍ക്കാരിന് കഴിയാതിരിക്കുകയും ചെയ്യുന്ന അവസരത്തിലാണ് പുതിയ തസ്തികകള്‍ സൃഷ്ടിച്ചുകൊണ്ട് ലക്ഷക്കണക്കിന് രൂപ സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നത്. സ്‌പെഷ്യല്‍ ലെയ്സണ്‍ ഒഫീസറെ നിയമിച്ച നടപടി ഉടന്‍ പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.