റിയാദ്: സൗദി അറേബ്യ ഈ വര്‍ഷം മാര്‍ച്ച് 29 മുതല്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ചൊവ്വാഴ്ച അവസാനിച്ചു. നിയമലംഘകരില്ലാത്ത രാജ്യം എന്ന ദേശീയ പ്രചാരണത്തിന്റെ ഭാഗമായായിരുന്നു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇനി നിയമലംഘകരെ കണ്ടെത്താന്‍ ബുധനാഴ്ച മുതല്‍ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പൊതുമാപ്പ് മൂന്ന് തവണ ദീര്‍ഘിപ്പിച്ചു നല്‍കിയിരുന്നു. വിസാ കാലാവധി കഴിഞ്ഞവര്‍, താമസാനുമതി രേഖയായ ഇഖാമയുടെ കാലാവധി കഴിഞ്ഞവര്‍, സന്ദര്‍ശക, ഹജ്ജ്, ഉംറ വിസകളിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു കഴിഞ്ഞിരുന്നവര്‍ എന്നിവര്‍ക്കാണ് തടവും പിഴയുമില്ലാതെ രാജ്യം വിടാനുള്ള അവസരം നല്‍കിയിരുന്നത്.
രാജ്യത്തെ 13 പ്രവിശ്യകളിലും പരിശോധന ശക്തമാക്കുമെന്നും നിയമലംഘകര്‍ക്ക് തൊഴില്‍, താമസ സൗകര്യം, യാത്ര എന്നിവ ഒരുക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ശിക്ഷ ലഭിക്കുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്.