കൊച്ചി:മീന്‍ വില്‍ക്കാനിറങ്ങി വാര്‍ത്തകളിലിടംപിടിച്ച ഹനാന്‍ എന്ന വിദ്യാര്‍ത്ഥിനിക്കെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം നടത്തിയ വയനാട് സ്വദേശി നൂറുദ്ദീന്‍ ഷേയ്ക്ക് പിടിയിലായി.ഇന്നു രാവിലെ കൊച്ചി പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ അസി.കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്.
ഹനാനെ അധിക്ഷേപിച്ച് ആദ്യമായി ഫെയ്സ്ബുക്ക് ലൈവ് വീഡിയോ പ്രചരിപ്പിച്ചത് ഇയാളാണ്.മീന്‍വില്‍പ്പന സിനിമയ്ക്കു സെറ്റിട്ടതാണെന്നുംമാധ്യമങ്ങള്‍ അതില്‍ പങ്കാളികളായെന്നും മറ്റുമായിരുന്നു നൂറുദ്ദീന്‍ ഷെയ്ക്കിന്റെ വാദം.കൊച്ചിയില്‍ തമ്മനത്ത് ഹനാന്‍ മീന്‍ വില്‍ക്കുന്ന സ്ഥലത്തെത്തി വിവരങ്ങള്‍ മനസ്സിലാക്കിയശേഷമാണ് നൂറുദ്ദീന്‍ ഷെയ്ക്ക് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.ഇയാള്‍ പോസ്റ്റിട്ടതിനെത്തുടര്‍ന്നാണ് കുടുതല്‍ പേര്‍ ആക്രമണവുമായി സൈബര്‍ ഇടത്തിലേക്ക് എത്തിയത്.
ഹനാനെതിരെ നടന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്ന് മുഖ്യമന്ത്രി പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.വൈകിട്ട് കോതമംഗലത്ത് ഹനാനെ ചികിത്സിക്കുന്ന ആശുപത്രിയിലെത്തി പോലീസ് അവരുടെ മൊഴിയെടുത്തു.ഒരു മാനസിക രോഗിയെപ്പോലെയാണ് നൂറുദ്ദീന്‍ തന്നെ പിന്‍തുടര്‍ന്നതെന്നും അയാള്‍ ഇത്ര ഉപദ്രവകാരിയാണെന്ന് അറിഞ്ഞില്ലെന്നും ഹനാന്‍ പറഞ്ഞു
ഐ.ടി. ആക്ട് ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.ഐ.ടി. ആക്ട് 67 (ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള അപമാനിക്കല്‍),ഐ.പി.സി. 509 (സ്ത്രീത്വത്തെ അപമാനിക്കല്‍),34 (പൊതു ഉദ്ദേശ്യം),കേരള പോലീസ് ആക്ട് 120 (ഒ) വിവിധ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് നൂറുദ്ദീനെതിരെ കേസെടുത്തിരിക്കുന്നത്.
സമാനമായി പോസ്റ്റിട്ടവര്‍ക്കും ഷെയര്‍ ചെയ്തവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.