ന്യൂഡല്‍ഹി: ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം പുന:രന്വേഷിക്കണമെന്ന ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമിയുടെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. കോടതിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

രാഷ്ട്രീയ പ്രവര്‍ത്തകരുടെ സ്വന്തം താല്‍പര്യങ്ങളില്‍ അന്വേഷണം നടത്തി സമയം കളയാന്‍ കോടതിക്ക് കഴിയില്ലെന്നും രാഷ്ട്രീയ പ്രേരിതം എന്നതിന് വളരെ വ്യക്തമായ ഉദാഹരണമാണ് ഹര്‍ജിയെന്നും ഇതിനെ പൊതുതാല്‍പര്യത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും ജസ്റ്റിസ് എസ് മുരളീധറും ഐ.എസ് മേത്തയും അടങ്ങുന്ന രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു.

സുബ്രമണ്യന്‍ സ്വാമി സത്യങ്ങള്‍ മറച്ച് വെക്കുകയാണെന്നും ശശി തരൂരിനെതിരേയും ഡല്‍ഹി പോലീസിനെതിരേയും ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും കോടതി വിലയിരുത്തി. എന്നാല്‍, താന്‍ സത്യങ്ങള്‍ മറച്ച് വെച്ചില്ലെന്നും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം നല്‍കണമെന്നും സ്വാമി ആവശ്യപ്പെട്ടു.

ഒരു കോണ്‍ഗ്രസ് നേതാവ് അന്വേഷണത്തില്‍ തുടര്‍ച്ചയായി ഇടപെട്ടുവെന്ന് തോന്നിയിട്ടില്ലെന്നും ഡല്‍ഹി പോലീസിനും കേന്ദ്രത്തിനും വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജെയിന്‍ കോടതിയെ അറിയിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അന്വേഷണം പ്രഖ്യാപിക്കാന്‍ കോടതിക്ക് കൂടുതല്‍ കാര്യങ്ങള്‍ പരിശോധിക്കേണ്ടി വരുമെന്നാണെന്നും ബെഞ്ച് നിരീക്ഷിച്ചു.