തിരുവനന്തപുരം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് നടത്തിയ ഹര്‍ത്താല്‍ സമാധാനപരമായിരുന്നുവെന്നും എന്നാല്‍, ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ചുകാട്ടി ഹര്‍ത്താലിനെ താറടിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹര്‍ത്താല്‍ വന്‍വിജയമാക്കിയ ജനങ്ങള്‍ക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു.
ഹര്‍ത്താല്‍ ജനം ഏറ്റെടുത്തു. വ്യാപാരികള്‍ സ്വമേധയ കടകമ്പോളങ്ങള്‍ അടച്ച് ഹര്‍ത്താലിനോട് സഹകരിച്ചു. എന്നാല്‍ പൊലീസിനെ ഉപയോഗിച്ചു പ്രകോപനം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തി. സംസ്ഥാനമൊട്ടാകെ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു മുഖ്യമന്ത്രി തന്നെ നേരിട്ട് ഹര്‍ത്താലിനെ പൊളിക്കാന്‍ രംഗത്തെത്തി. ഹര്‍ത്താലനുകൂലികള്‍ ആരെയും അക്രമിച്ചതായി പരാതി ഉണ്ടായിട്ടില്ല. ഒരു സ്ഥലത്തും അക്രമം നടന്നതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ യു.ഡി.എഫിന്റെ പ്രകടനങ്ങള്‍ക്കു നേരെ കെ.എസ്.ആര്‍.ടി.സി ബസ് ഓടിച്ചു കയറ്റാനുള്ള ശ്രമം നടത്തി. കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്തിയിട്ടും കയറാന്‍ ആളുണ്ടായിരുന്നില്ല. ഇന്നത്തെ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി.പി.എമ്മും ബി.ജെ.പിയും ഒരുമിച്ച് നിന്നാണ് ഹര്‍ത്താലിനെ എതിര്‍ത്തത്. എന്നിട്ടും ജനങ്ങള്‍ യു.ഡി.എഫിന് ഒപ്പം നിന്നു. ഇന്നലെ അര്‍ധരാത്രി പന്ത്രണ്ട് മണിക്കല്ല, പകരം പന്ത്രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഹര്‍ത്താലില്‍ വ്യാപക അക്രമം എന്ന പ്രചരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കരുതെന്നു പ്രവര്‍ത്തകര്‍ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശം ഏതെങ്കിലും പ്രവര്‍ത്തകര്‍ തെറ്റിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എടപ്പാള്‍, സുല്‍ത്താന്‍ ബത്തേരി, മുക്കം, കൊണ്ടോട്ടി, മുണ്ടൂര്‍, എന്നിവടങ്ങളില്‍ സമാധാനപരമായി പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഇന്ധന വിലയില്‍ അധികം വാങ്ങുന്ന സംസ്ഥാന നികുതി വേണ്ടെന്ന് വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറകണമെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സി.പി.എം ദേശീയ കാഴ്ചപ്പാടില്ലാത്ത പാര്‍ട്ടി: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സി.പി.എം ദേശീയ കാഴ്ചപ്പാടില്ലാത്ത പാര്‍ട്ടിയായി മാറിയെന്ന് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയിലെ മുഖ്യശത്രു ആരാണെന്ന് സി.പി.എമ്മിന് ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കേരളത്തിലെ സി.പി.എം, ബി ജെ പിയെക്കാള്‍ കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കാണുന്നു. ദേശീയ തലത്തില്‍ മോദിയുടെയും ആര്‍.എസ്.എസ്സിന്റെയും വര്‍ഗ്ഗീയ അജണ്ടയെ നേരിടാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ദേശീയ മതേതര ജനാധിപത്യ ഐക്യത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കിടയില്‍ സി.പി.എമ്മിന്റെ നിലപാട് മതേതര ശക്തികളെ നിരാശപ്പെടുത്തിയ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ഫാസിസ്റ്റ് പാര്‍ട്ടിയല്ല എന്ന കാരാട്ടിന്റെ നിലപാട് കേരളത്തിലെ സി.പി.എം അംഗീകരിച്ച് മുന്നോട്ട് പോകുന്നത് അങ്ങയറ്റം ദൗര്‍ഭാഗ്യകരമാണ്. കേരളത്തിലെ സി.പി.എംബി.ജെ.പി സൗഹൃദത്തിന്റെ ഫലമാണ് ഇപ്പോഴുണ്ടായ ഈ തീരുമാനമെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ സി.പി.എംകോണ്‍ഗ്രസ് അഭിപ്രായ വ്യത്യാസങ്ങള്‍ ചരിത്രപരമാണ്. എന്നാല്‍ ദേശീയ തലത്തില്‍ ബിജെപിആര്‍.എസ്.എസ്സിന്റെ നയങ്ങള്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കേണ്ടത് മതേതര ജനാധിപത്യ സംവിധാനത്തെശക്തിപ്പെടുത്തും. കേരളത്തിലെ സി.പി.എമ്മിന്റെ കോണ്‍ഗ്രസ് വിരുദ്ധ നിലപാട് മതേതര വിശ്വാസികള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.