ന്യൂഡല്‍ഹി: മതം മാറി വിവാഹിതയായ ഹാദിയ കേസിന്റെ വാദത്തിനായി അഖില എന്ന ഹാദിയയെ നേരിട്ട് ഹാജരാക്കാന്‍ സുപ്രീംകോടതി ഉത്തരവ്. കേരളത്തിലെ ലൗജിഹാദ് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) കൈമാറിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷഫീന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

നവംബര്‍ 27ന് ഹാജരാക്കാനാണ് ഉത്തരവ്. ഹാദിയയുടെ സുരക്ഷയുടെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാര്‍ തുടരണം. വാദത്തിനായി ഹാദിയയുടെ അച്ഛന്‍ കെ.എം. അശോകനെയും കേസിലെ ഭീകരബന്ധം അന്വേഷിക്കുന്ന എന്‍.ഐ.എയെയും ഹാജരാകാനും ഉത്തരവില്‍ പറയുന്നു.

അന്വേഷണം അവസാനിപ്പിക്കണമെന്നും ഹാദിയയെ കോടതിയില്‍ ഹാജരാക്കണമെന്നുമാണ് ഷഫീന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹാദിയയ്ക്ക് ഭീകര ബന്ധമില്ലെന്നും സ്വന്തം നിലപാടുകളുള്ള പെണ്‍കുട്ടിയാണെന്നും അവരെ കോടതിയില്‍ നേരിട്ട് ഹാജരാക്കി അഭിപ്രായം തേടണമെന്നും ഷഫീന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

സുപ്രീംകോടതി മുന്‍ ജഡ്ജി ആര്‍.വി. രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ എന്‍.ഐ.എ അന്വേഷണം നടത്താന്‍ ആഗസ്റ്റിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ സംഭവം സൈക്കോളജിക്കല്‍ കിഡ്‌നാപ്പിങ് ആണെന്ന് എന്‍.ഐ.എ അഭിപ്രായപ്പെട്ടു.