ന്യൂഡല്‍ഹി: ഹാദിയ ഭര്‍ത്താവിനൊപ്പമോ അച്ഛന്‍ അശോകനൊപ്പമോ പോകണ്ടയെന്ന് സുപ്രീം കോടതി. പഠനം തുടരാനും കോടതി ഉത്തരവിട്ടു. തുറന്ന കോടതിയില്‍ ഹാദിയയുടെ വാദം കേട്ടതിനു ശേഷമാണ് സുപ്രീം കോടതി ഉത്തരവിട്ടത്.

ഹാദിയയുടെ പഠനം സര്‍ക്കാരിന്റെ ചിലവില്‍ സേലത്തെ കോളേജില്‍ തന്നെ തുടരും. പഠനത്തിനുള്ള ചിലവ് വഹിക്കാന്‍ അച്ഛനും ഭര്‍ത്താവായ ഷഫിന്‍ ജഹാനും സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ അതൊന്നും അംഗീകരിക്കാതെ സര്‍ക്കാരിനോട് ചിലവ് വഹിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

ഹാദിയയുടെ ലോക്കല്‍ ഗാര്‍ഡിയനായി സര്‍വ്വകലാശാല ഡീനിനെ കോടതി നിര്‍ദ്ദേശിച്ചു. കോളേജിലേക്ക് പോകുന്നതുവരെ ഡല്‍ഹിയിലെ കേരളാ ഹൗസില്‍ തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കനത്ത സുരക്ഷയോടെയാകും ഹാദിയ ഡല്‍ഹിയില്‍ തുടരുക.

ഹാദിയയ്ക്ക് ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ കോളേജിനോട് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. സാധാരണ കുട്ടിയെപ്പോലെ ഹാദിയയെ കാണണമെന്നും കോടതി പറഞ്ഞു.
കേസ് ജനുവരി 3 ന് വീണ്ടും പരിഗണിക്കും.