ന്യൂഡല്‍ഹി: വൈക്കം സ്വദേശിയായ ഹാദിയ എന്ന അഖില മതം മാറി വിവാഹം കഴിച്ച കേസ് സുപ്രീം കോടതി ഇന്ന് മൂന്നു മണിക്ക് പരിഗണിക്കും. കേസ് അടച്ചിട്ട മുറിയില്‍ പരിഗണിക്കണമെന്ന് അച്ഛന്‍ അശോകനൊപ്പം എന്‍.ഐ.എയും സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടേക്കും.
അച്ഛന്‍ അശോകന്റെ ആവശ്യം കോടതി നേരത്തെ തള്ളുകയായിരുന്നു. എന്നാല്‍, സുരക്ഷാ കാരണങ്ങളാലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് എന്‍.ഐ.എ കോടതിയെ അറിയിക്കും. കൂടാതെ ഹാദിയയുടെ മനോനില ശരിയല്ലെന്ന് അശോകന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിക്കും.
മതം മാറിയതും വിവാഹം ചെയ്തതും സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ വ്യക്തമാക്കിയിരിക്കെ, അത് കണക്കിലെടുക്കരുതെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കോടതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിര്‍ബന്ധിത വിശ്വാസ പരിവര്‍ത്തനത്തിന് വിധേയയായിട്ടുള്ള ഹാദിയയുടെ മൊഴികള്‍ കണക്കിലെടുക്കാനാവില്ലെന്നാണ് എന്‍.ഐ.എ നിലപാട്. മുദ്ര വച്ച നാല് കവറുകളിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.
ഹാദിയ നിലപാട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയ സാഹചര്യത്തില്‍ അച്ഛന്‍ അശോകന്റെയും എന്‍ഐഎയുടെയും വാദങ്ങളാണ് ഇനി കേസില്‍ സുപ്രധാനമാവുക.