വൈക്കം: ഹാദിയ വീട്ടില്‍ സുരക്ഷിതയാണെന്നും മനുഷ്യാവകാശ ലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. വൈക്കത്ത് ഹാദിയയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

ലൗ ജിഹാദല്ല നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടന്നത്. ഹാദിയയ്ക്ക് സുരക്ഷാ പ്രശ്‌നങ്ങളൊന്നുമില്ല. ഹാദിയ സന്തോഷവതിയാണ് -അവര്‍ പറഞ്ഞു.

വീട്ടുകാരില്‍നിന്ന് പീഡനങ്ങള്‍ അനുഭവിക്കേണ്ടിവന്നതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരുവിധത്തിലുള്ള ഉപദ്രവങ്ങളും ഹാദിയയ്ക്ക് ഏല്‍ക്കേണ്ടിവന്നിട്ടില്ല. അവര്‍ ആരോഗ്യവതിയാണെന്നും അധ്യക്ഷ പറഞ്ഞു.

കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും മൊബൈല്‍ ഫോണിലെടുത്ത ഹാദിയയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളെ കാണിക്കവെ രേഖ ശര്‍മ പറഞ്ഞു.