ചാള്‍സ് – ഡയാന രാജദമ്പതികളുടെ രണ്ടാമത്തെ പുത്രന്‍ ഹാരി രാജകുമാരന്‍ വിവാഹിതനാകുന്നു. യുഎസ് ചലച്ചിത്ര താരവും കാമുകിയുമായ മേഗന്‍ മാര്‍ക്കിളുമായി ഏറെനാളായി പ്രണയത്തിലായിരുന്നു. അടുത്ത വര്‍ഷമാണ് വിവാഹം. ലണ്ടനിലെ കെന്‍സിങ്ങ്ടണ്‍ പാലസിലെ നോട്ടിങ്ങാം കോട്ടേജിലായിരിക്കും വിവാഹം.

2016 ലാണ് ഇരുവരും പ്രണയത്തിലായത്. ഈ മാസം ആദ്യം രഹസ്യമായി വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹ വാര്‍ത്ത ചാള്‍സ് രാജാവാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. നടിയും മോഡലുമായ മാര്‍ക്കിളിന്റെ രണ്ടാംവിവാഹമാണിത്. 2013ലാണ് ഇവര്‍ ട്രെവര്‍ എഞ്ചല്‍സണില്‍നിന്ന് വിവാഹമോചനം നേടിയത്.

മാര്‍ക്കിള്‍ വിവാഹമോചിതയായതുകൊണ്ട് പൂര്‍ണമായും മതാചാരപ്രകാരമുള്ള ചടങ്ങുകളാകില്ലെന്നാണ് സൂചന. അഞ്ചാമത്തെ കിരീടാവകാശിയായ ഹാരി നേരത്തെ അഫ്ഗാനിസ്ഥാനില്‍ ബ്രിട്ടിഷ് സേനയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സന്നദ്ധപ്രവര്‍ത്തനങ്ങളിലൂടെയും പ്രശസ്തയാണ് മാര്‍ക്കിള്‍.