ഷിംല: കോണ്‍ഗ്രസും ബിജെപിയും ഉറ്റുനോക്കുന്ന ഹിമാചല്‍ പ്രദേശില്‍ നിയമസഭ വോട്ടെടുപ്പ് രാവിലെ എട്ട് മണിയോടെ തന്നെ ആരംഭിച്ചു. 68 നിയമസഭ മണ്ഡലങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 349 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. 7525 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് വോട്ടെടുപ്പിനായി ഒരുക്കിയിട്ടുള്ളത്.

37000 ത്തിലധികം പോളിംഗ് ഉദ്യോഗസ്ഥരെയും, 17770 പൊലീസ് ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി സംസ്ഥാനത്ത് നിയോഗിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ ഹോം ഗാര്‍ഡിനെയും 65 കമ്പനി അര്‍ദ്ധ സൈനിക വിഭാഗത്തെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഭരണം പിടിച്ചെടുക്കാന്‍ ശക്തമായ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്കാണ് കോണ്‍ഗ്രസും ബിജെപിയും നേതൃത്വം നല്‍കിയത്.

കോണ്‍ഗ്രസ് മുഖ്യമന്ത്രി വീരഭദ്രസിംഗിന്റെയും ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രേംകുമാര്‍ ധൂമലിന്റെയും നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. പ്രേംകുമാര്‍ ധൂമലിന്റെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് അഭിപ്രായസര്‍വ്വേകള്‍ പ്രവചിച്ചിരിക്കുന്നത്.

പ്രചരണപരിപാടിയില്‍ അനുകൂല തരംഗമാണ് ഉണ്ടായിരിക്കുന്നതെന്നും ബിജെപിയ്ക്ക് അത് ഗുണം ചെയ്യുമെന്നും ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രേംകുമാര്‍ ധൂമല്‍ പ്രതികരിച്ചു. അതേസമയം കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നും ആശങ്കയില്ലെന്നും മുഖ്യമന്ത്രി വീരഭദ്രസിംഗും പ്രതികരിച്ചു.

അന്‍പത് ലക്ഷത്തി ഇരുപത്തി അയ്യായിരത്തി തൊള്ളായിരത്തി നാല്‍പത്തി ഒന്ന് വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. വിവിപാറ്റ് രസീതുകള്‍ ഘടിപ്പിച്ച വോട്ടിംഗ് യന്ത്രങ്ങളാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. വിവിപാറ്റ് രസീതുകള്‍ ലഭ്യമാക്കി രാജ്യത്ത് നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്.