ന്യൂ ഡല്‍ഹി: ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീന്റെ മകന്‍ സയ്യിദ് ഷാഹിദ് യൂസഫിനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നാരോപിച്ച് 2011ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ജമ്മു-കശ്മീര്‍ സര്‍ക്കാരിന്റെ കൃഷി വകുപ്പില്‍ ഉദ്ദ്യോഗസ്ഥനാണ് 42കാരനായ സയ്യിദ് ഷാഹിദ് യൂസഫ്.

ഹവാല ഇടപാടുകള്‍ വഴി തീവ്രവാദികള്‍ക്ക് പണമെത്തിച്ചു എന്ന കുറ്റം ചുമത്തിയിരിക്കുന്ന സയ്യിദ് ഷാഹിദ് യൂസഫിനെ വിശദമായ ചോദ്യം ചെയ്യലിനായിഎന്‍.ഐ.എ ഡല്‍ഹിയിലെത്തിച്ചു. സൗദി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ നേതാവ് അജാസ് അഹമ്മദ് ഭട്ടില്‍ നിന്ന് പണം കൈപ്പറ്റി കാശ്മീര്‍ താഴ്വരയില്‍ തീവ്രവാദികള്‍ക്കും വിമതര്‍ക്കും എത്തിച്ചെന്നാണ് എന്‍.ഐ.എ കണ്ടെത്തിയിരിക്കുന്നത്. പണം സ്വീകരിച്ചതിന് ശക്തമായ തെളിവുകള്‍ സൗദി അറേബ്യ കൈമാറിയെന്നാണ് സൂചന. 2011 മുതല്‍ 2014 വരെയാണ് ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. ഇരുവരും ഫോണിലൂടെ സംസാരിച്ചതിന്റെ ശബ്ദരേഖകളും തെളിവായി അന്വേഷണ ഏജന്‍സി നിരത്തുന്നു.