വേങ്ങര:ഒരു നാടിനെയൊന്നാകെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച പ്രളയദുരന്തത്തില്‍ സ്വന്തം ജീവന്‍ പോലും പണയംവെച്ച് ഇപ്പോഴും രക്ഷാപ്രവര്‍ത്തകര്‍ പ്രയത്‌നിക്കുകയാണ്.ദുരന്തമുഖത്തുനിന്നുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ കണ്ണുനനയിക്കുന്ന ധാരാളം ദൃശ്യങ്ങള്‍ ഇതിനോടകം നമ്മള്‍ കണ്ടുകഴിഞ്ഞു.സൈന്യത്തിനൊപ്പം കേരളജനത ഏറ്റവുമധികം നന്ദിയോടെ ഓര്‍ക്കേണ്ടവരാണ് നമ്മള്‍ കടലിന്റെ മക്കള്‍ എന്നു വിളിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍.സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് ദുരന്തമുഖത്ത് അവര്‍ നടത്തിയത്.അതില്‍
ഏറ്റവും ഹൃദയം തൊട്ടറിഞ്ഞ രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ദേശീയമാധ്യമങ്ങളിലടക്കം ശ്രദ്ധനേടിയിരിക്കുകയാണ്.
മലപ്പുറം വേങ്ങര മുതലമാട് രക്ഷാദൗത്യത്തിനിടെ പ്രായമായ സ്ത്രീകളെയടക്കം ബോട്ടില്‍ കയറ്റാന്‍ തന്റെ മുതുക് ചവിട്ട് പടിയാക്കിയ 32 കാരനായ ജയ്സല്‍ എന്ന മല്‍സ്യത്തൊഴിലാളിയാണ് ഈ ദൃശ്യങ്ങളിലൂടെ മാനുഷികതയുടെ മഹനീയ മാതൃകയായത്.
താനൂര്‍ സ്വദേശിയായ ജയ്സല്‍ വേങ്ങരയില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയാണ്.മഹാപ്രളയത്തിന്റെ വാര്‍ത്താപ്രളയത്തിനിടയിലും ജയ്‌സണ്‍ അങ്ങനെ എല്ലാവരുടേയും ഹൃദയങ്ങളിലിടം പിടിച്ചു കഴിഞ്ഞു.