കേരളത്തിലെ മഴക്കെടുതിയുടെയും പ്രളയത്തിന്റെയും പശ്ചാത്തലത്തില്‍ തൊഴില്‍ വകുപ്പ് കേന്ദ്രീകൃത കോ-ഓര്‍ഡിനേഷന്‍ സംവിധാനം തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെ നിര്‍ദേശത്തിന്റെയടിസ്താനത്തില്‍ ലേബര്‍ കമ്മീഷണര്‍ എ.അലക്‌സാണ്ടര്‍ ഇതു സംബന്ധിച്ച  ഉത്തരവ് ജീവനക്കാര്‍ക്ക് നല്‍കി. ഇതിന്റെയടിസ്ഥാനത്തില്‍ തമ്പാനൂരില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ കെട്ടിടത്തിലാണ് (സഹായ കേന്ദ്രം) കോ-ഓര്‍ഡിനേഷന്‍ സംവിധാനം ആരംഭിച്ചിട്ടുള്ളത്. 
അതിഥി തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും സംസ്ഥാനത്തിന്റെ ഏതു ഭാഗത്തു നിന്നും സഹായമഭ്യര്‍ഥിച്ചാലും അവരുടെ ഭാഷയില്‍  മറുപടി നല്‍കുന്നതിനും വിവരം ബന്ധപ്പെട്ട ജില്ലയിലും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കണ്ട്രോള്‍ സെന്ററുകളിലും അറിയിച്ച് സഹായമെത്തിക്കുന്നതിനും സെന്ററില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. 

അഡീഷണല്‍ ലേബര്‍ കമ്മീഷണറുടെ (എന്‍ഫോഴ്‌സ്‌മെന്റ്)  നേതൃത്വത്തിലായിരിക്കും സെന്റര്‍ പ്രവര്‍ത്തിക്കുക. പകലും രാത്രിയിലുമായി ( 24 *  7 )ഇരുപത്തിനാലു മണിക്കൂറും സഹായ കേന്ദ്രം പ്രവര്‍ത്തിക്കും. സഹായ കേന്ദ്രത്തിലേക്ക് വിളിക്കേണ്ട നമ്പര്‍ : 0471-2330833,7012109743