തിരുവനന്തപുരം:വനിതാമതിലിന് 50 കോടി  രൂപ ചെലവഴിക്കാന്‍ തീരുമാനിച്ചിട്ട് ഖജനാവില്‍ നിന്ന് പണം ചെലവഴിക്കില്ലെന്ന് ഇപ്പോള്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും പറയുന്നത് ശക്തമായ ജനരോഷം ഭയന്നിട്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലുപ്പള്ളി രാമചന്ദ്രന്‍. 
വനിതാമതില്‍ സര്‍ക്കാര്‍ പരിപാടിയല്ലെന്നും അതിനായി സര്‍ക്കാരിന്റെ ഒറ്റ പൈസ പോലും ചെലവാക്കില്ലെന്നും നിയമസഭയില്‍ ഉള്‍ പ്പെടെ പറഞ്ഞ സര്‍ക്കാര്‍തന്നെയാണ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വനിതാമതിലിന്റെ ചെലവിന് തുകമാറ്റിയ കാര്യം അറിയിച്ചത്. സ്ത്രീ സുരക്ഷക്കായി നീക്കിവച്ച തുകയാണ് വനിതാമതിലിനായി സര്‍ക്കാര്‍ ചെലവാക്കാന്‍ തുനിഞ്ഞത്. നിര്‍ഭയ ഹോമുകള്‍ പുനഃരുദ്ധരിക്കുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഒരുക്കുക, വനിതാ പൊലീസുകാരെ നിയമിച്ച് പൊലിസ് സ്റ്റേഷനുകള്‍ നവീകരിക്കുക, സ്ത്രീകള്‍ക്ക് പ്രത്യേക താമസ സൗകര്യം ഒരുക്കുക തുടങ്ങിയവയ്ക്കായി ബജറ്റില്‍ അനുവദിച്ച ഫണ്ട് മാര്‍ച്ചില്‍ ലാപ്സായി പോകുമെന്നും അതുകൊണ്ട് ഈ തുക വനിതാമതിലിന് വിനയോഗിക്കുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചത്.

  നമ്മള്‍ അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്നം പ്രളയാനന്തരമുള്ള കേരളത്തിന്റെ ഭീകരാവസ്ഥയാണ്. പ്രളയാനന്തരം കിടപ്പാടവും ഭൂമിയും നഷ്ടമായവര്‍, നിരാലംമ്പരായ കൃഷിക്കാര്‍, ഇവരെയൊന്നും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു.കരളലിയിപ്പിക്കുന്ന ഈ ദുരന്തമുഖമല്ല മറിച്ച്  വര്‍ഗീയമതില്‍ മാത്രമാണ് സര്‍ക്കാരിന്റെ അജണ്ട. പ്രളയം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും നവകേരള സൃഷ്ടിക്ക് രൂപരേഖ തയ്യാറാക്കാതെ വര്‍ഗീയമതില്‍ കെട്ടാനുള്ള കല്ല് അന്വേഷിക്കുകയായിരുന്നു. കേരള പുനര്‍നിര്‍മ്മാണത്തിന്റെ പേരില്‍ പണം കണ്ടെത്താന്‍ സാലറി ചലഞ്ച്  ഉള്‍പ്പെടെ പാവപ്പെട്ടവരില്‍ നിന്നു പിടിച്ചു പറി നടത്തിയ സര്‍ക്കാരാണ് വനിതാ മതിലിന് കോടികള്‍ പൊടിക്കുന്നത് അപഹാസ്യമാണ്. ധാരാളിത്വത്തിന് പേരുകേട്ട സര്‍ക്കാര്‍ നികുതി ദായകന്റെ പണം കൊണ്ട് ധൂര്‍ത്ത് നടത്തുകയാണ്. വനിതാമതിലിന്റെ പേരിലുള്ള സര്‍ക്കാര്‍ നടപടിക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി തന്നെ രംഗത്തു വന്നു. 

ജനങ്ങളുടെ  പ്രയാസം മനസിലാകാത്ത ഹൃദയശൂന്യരായ ഒരുകൂട്ടം ആളുകളാണ് കേരളം ഭരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനും കേരള പുന:നിര്‍മ്മിതി എന്ന പേരിലും കോടിണക്കിന് പണം ഖജനാവില്‍ നിന്ന് ചെലവാക്കി പരസ്യം നല്‍കി. ആഡംബരങ്ങളുടെ നടുവിലാണ് മുഖ്യമന്ത്രിയും  മന്ത്രിമാരും ഭരണം നടത്തുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് മുന്‍പായി മന്ത്രിസഭയിലെ ജൂനിയര്‍ മന്ത്രി പ്രത്യേക വിമനാത്തില്‍ ഇറങ്ങിയതും സര്‍ക്കാര്‍ ചെലവിലാണ്. ജനങ്ങളോട് ഒരു കൂറുമില്ലാത്ത സര്‍ക്കാര്‍ ഭരണം നടത്തുമ്പോള്‍ ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. വിമാനത്താവള ഉദ്ഘാടന വേളയില്‍ മന്ത്രിമാര്‍ കുടുംബപരിവാര സമേതമാണെത്തിയത്. ധൂര്‍ത്തിന്റേയും ദുര്‍വ്യയത്തിന്റെയും  ഞെട്ടിപ്പിക്കുന്ന ഉദാഹരണമായി പിണറായി സര്‍ക്കാര്‍ മാറിയെന്നും മുല്ലപ്പള്ളി പറഞ്ഞു