റിലീസ് ചെയ്ത് ഒരുമാസം കൊണ്ട് മുടക്കുമുതലിന്റെ എട്ടിരട്ടിയിലേറെ ലാഭം നേടിയിരിക്കുകയാണ് ടോഡ് ഫിലിപ്‌സ് സംവിധാനം ചെയത് ജോക്കര്‍. ഇതുവരെയുള്ള സൂപ്പര്‍ഹീറോ സിനിമകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രങ്ങളിലൊന്നാണ് ജോക്കര്‍.  മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ള ചിലവുകള്‍ കഴിച്ച് നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്‌സ് അടക്കമുള്ളവര്‍ 500 മില്യണ്‍ (3526 കോടി രൂപ) ഡോളറിലേറെ ലാഭം ഇതിനകം ചിത്രം നേടിക്കൊടുത്തിട്ടുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാണചിലവ് 423 കോടി രൂപയായിരുന്നു. ചിത്രം ഒരു ബില്യണിലേക്ക് കടന്നേക്കുമെന്നാണ് ഹോളിവുഡ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. ‘ആര്‍-റേറ്റഡ്’ ചിത്രങ്ങളില്‍ എക്കാലത്തെയും വലിയ ഹിറ്റാണ് നിലവില്‍ ജോക്കര്‍. ഡെഡ്‌പൂളിന്റെ കളക്ഷനെ (783 മില്യണ്‍) മറി കടന്നതോടെയാണ് ഇത്. എക്കാലത്തെയും ഡിസി ചിത്രങ്ങളില്‍ കളക്ഷനില്‍ നാലാമതുമാണ് നിലവില്‍ ജോക്കര്‍.