മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന് ശ്രീകുമാര്‍ മേനോനെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. വിശദമായ ചോദ്യംചെയ്യലിനു ശേഷമായിരുന്നു നടപടി. നടിയുടെ ആരോപണങ്ങളില്‍ ശരിയുണ്ടെന്ന് വ്യക്തമാക്കിയ ശേഷം രണ്ടുപേരുടെ ആള്‍ജാമ്യത്തില്‍ അദ്ദേഹത്തെ വിട്ടയച്ചു. തൃശൂര്‍ പോലീസ് ക്ലബ്ബില്‍ നടന്ന ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ വൈകിട്ടോടെയാണ് ശ്രീകുമാര്‍ മേനോന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നല്ലത് ഉദ്ദേശിച്ച് ചെയ്ത കാര്യങ്ങള്‍ തെറ്റിദ്ധാരണയ്ക്ക് കാരണമായെന്നും അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിയില്‍ മഞ്ജുവാര്യരില്‍ നിന്നും പോലീസ് നേരത്തെ രഹസ്യമൊഴി എടുത്തിരുന്നു. ശ്രീകുമാര്‍ മേനോനില്‍ നിന്നും വധഭീഷണിയുണ്ടെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നല്കിയ ലെറ്റര്‍ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കുമെന്ന് ഭയപ്പെടുന്നുണ്ടെന്നാണ് മഞ്ജു നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം അവസാനം ശ്രീകുമാര്‍ മേനോന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. അതിനുപിന്നാലെയാണ് അറസ്റ്റ് നടപടി.







