ചണ്ഡീഗഡ്:പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരനെ 109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ജീവനോടെ പുറത്തെത്തിച്ചെങ്കിലും കുട്ടി ആശുപത്രിയില്‍ മരിച്ചു.സംഗ്രൂരിലെ കുഴല്‍ക്കിണറില്‍ നിന്നും രക്ഷപ്പെടുത്തിയ രണ്ട് വയസ്സുകാരന്‍ ഫത്തേവീര്‍ സിംഗാണ് ആശുപത്രിയിലെത്തിച്ച് അല്‍പസമയത്തിനുള്ളില്‍ മരിച്ചത്. എന്നാല്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതുകൊണ്ടാണ് മരണം സംഭവിച്ചതെന്നാണ് സൂചന.
രാവിലെ അഞ്ചരയോടെ രക്ഷപ്പെടുത്തിയ കുട്ടിയെ 140 കിലോമീറ്റര്‍ റോഡ് മാര്‍ഗം സഞ്ചരിച്ചാണ് ആശുപത്രിയിലെത്തിച്ചത്.കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ നല്‍കിയെങ്കിലും ഇത് ഉപയോഗിച്ചില്ലെന്നാണ് ആരോപണമുയരുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ഭഗവന്‍പുരിലെ വീടിനു സമീപം കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടി 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണത്. ദേശീയ ദുരന്തനിവാരണ സംഘവും പ്രാദേശിക ഭരണകൂടവും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുഴല്‍ക്കിണറിനുള്ളിലേക്കു ചെറിയ ക്യാമറ ഇറക്കിവച്ചാണ് ഇത്രയും ദിവസം കുട്ടിയെ നിരീക്ഷിച്ചുകൊണ്ടിരുന്നത്. പൈപ്പുകളില്‍ക്കൂടി ഓക്സിജന്‍ നല്‍കുകയും ചെയ്തു.കുട്ടിക്ക് ഭക്ഷണവും വെള്ളവും നല്‍കാന്‍ സാധിച്ചിരുന്നില്ല. മാതാപിതാക്കളുടെ ഏകമകനാണ് മരിച്ച് ഫത്തേവീര്‍.