നീറമണ്‍കര:കരമനയില്‍ അനന്തു ഗീരീഷ് എന്ന യുവാവിനെ തട്ടിക്കൊടണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കായി ചെന്നൈയിലേക്കും അന്വേഷണം.പ്രതികളില്‍ രണ്ടുപേര്‍ ഇതിനോടകം ചെന്നൈയിലേക്ക് കടന്നതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.അനന്തുവിന്റെ മരണം ഉറപ്പാക്കിയശേഷം പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു.കൊലപാതകത്തില്‍ ബാലു,റോഷന്‍ എന്നിവര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഏഴു പേര്‍ ചേര്‍ന്നാണ് അനന്തുവിനെ മര്‍ദ്ദിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
അതിനിടെ അനന്തുവിനെ തട്ടിക്കൊണ്ടുപോകുന്നതും അന്നേദിവസം പ്രതികള്‍ കൊലപാതകം നടന്ന സ്ഥലത്ത് അനീഷ് എന്നയാളിന്റെ പിറന്നാള്‍ ആഘോഷിക്കുന്നതുമായ ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടു.
അനന്തു ഒറ്റയ്ക്ക് ബൈക്കില്‍ വരുന്നതും പിന്നീട് അനന്തുവിനെ ബൈക്കിലിരുത്തി പ്രതികള്‍ കൊണ്ടു പോകുന്നതുമായ ദൃശ്യങ്ങളാണ് പുറത്തായത്. അനന്തുവിന്റെ ബൈക്ക് ഇപ്പോള്‍ കസ്റ്റഡിയിലുള്ള ബാലുവാണ് ഓടിച്ചിരുന്നത്.മൂന്നര മണിക്കൂറോളം പ്രതികള്‍ അനന്തുവിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
കൊലപാതകം നടന്ന സ്ഥലത്ത് വച്ച് മുഖ്യപ്രതികളിലൊരാളായ അനീഷിന്റെ ജന്‍മദിനാഘോഷം നടത്തിയതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. അനന്തുവിനെ കൊല്ലാനായി തട്ടിക്കൊണ്ടുപോയതിന്റെ തൊട്ടുമുന്‍പാണ് കുറ്റിക്കാട്ടിനുള്ളില്‍ ആഘോഷം നടന്നത്.അനന്തുവിന്റെ മൃതദേഹം കണ്ടെത്തിയ അതേ സ്ഥലത്തുവെച്ചാണ് ആഘോഷം നടന്നത്.

തിങ്കളാഴ്ച വൈകിട്ട് നാലരയ്ക്കാണ് അനന്തു ഗിരീഷിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമായി പൊലീസ് പറയുന്നത്.സംഘര്‍ഷത്തിനിടെ നീറമണ്‍കര സ്വദേശികളായ പ്രതികളുടെ സുഹൃത്തിന് മര്‍ദ്ദനമേറ്റിരുന്നു.ഇതിന് പ്രതികാരം തീര്‍ക്കാനാണ് പ്രതികള്‍ ആസൂത്രിതമായി അനന്തുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന കുറ്റിക്കാട്ടില്‍ പ്രതികള്‍ സ്ഥിരമായി വന്ന് മദ്യവും മയക്കുമരുന്നും കഞ്ചാവും മറ്റും ഉപയോഗിക്കാറുണ്ടെന്നു നാട്ടുകാര്‍ പറയുന്നു.ഇതിനെതിരെ പോലീസില്‍ പരാതിയും നല്‍കിയിരുന്നു.അതിക്രൂരമായി മര്‍ദിച്ചാണ് പ്രതികള്‍ അനന്തുവിനെ കൊന്നത്.അനന്തുവിന്റെ രണ്ട് കൈ ഞരമ്പുകളും മുറിച്ചു. കണ്ണുകളില്‍ സിഗരറ്റ് വച്ച് പൊള്ളിച്ചു.തലയോട്ടി തകര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ഇപ്പോള്‍ കസ്റ്റഡിയിലുള്ള പ്രതികളില്‍ നിന്നാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങള്‍ പോലീസിനു ലഭിച്ചത്.