പെരുമ്പാവൂര്‍:പ്ലൈവുഡ് കമ്പനികളുടെ വ്യാജ ബില്ലുകള്‍ ഉണ്ടാക്കി 130 കോടിയുടെ ജി.എസ്.ടി തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍.പെരുമ്പാവൂര്‍ സ്വദേശി നിഷാദാണ് പിടിയിലായത്.തട്ടിപ്പ് നടത്തിയതായി സെന്‍ട്രല്‍ ജിഎസ്ടി ഇന്റലിജന്‍സ് നേരത്തേ കണ്ടെത്തിയിരുന്നു.കേരളത്തിലെ ആദ്യ ജി.എസ്.ടി തട്ടിപ്പുകേസാണിത്.
പ്ലൈവുഡ് കമ്പനി ഉടമകള്‍ അല്ലാത്തവരുടെ പേരില്‍ ബില്‍ പ്രിന്റുചെയ്ത് വാഹനങ്ങളില്‍ കൊടുത്തുവിടുകയാണ് ഇവര്‍ ചെയ്തത്.പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന എട്ട് പ്ലൈവുഡ് കമ്പനികളില്‍ ജി.എസ്.ടി വകുപ്പ് പരിശോധന നടത്തിയതില്‍നിന്നാണ് വ്യാജ ബില്ലിങ് റാക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ചത്.
സാധാരണക്കാരുടെ പാന്‍ നമ്പറുകളും ആധാര്‍ നമ്പറുകളും അവര്‍ അറിയാതെ ദുരുപയോഗപ്പെടുത്തി വ്യാജ ബില്ലുകള്‍ തയ്യാറാക്കിയായിരുന്നു തട്ടിപ്പ് നടത്തിയത്.ഹൈദരാബാദ്,ബെംഗളൂരു,കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഇന്റലിജന്‍സ് വിഭാഗം പരിശോധനകള്‍ നടത്തിയപ്പോള്‍ പെരുമ്പാവൂരില്‍നിന്നുള്ള ബില്ലുകള്‍ പിടിച്ചെടുത്തിരുന്നു.നിഷാദിന്റെ അഞ്ചോളം സഹായികളെയും ജി.എസ്.ടി വകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.പെരുമ്പാവൂരില്‍ പ്രവര്‍ത്തിക്കുന്ന നിഷാദിന്റെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ 30 ലക്ഷത്തോളം രൂപയും നിരവധി ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും കണ്ടെത്തിയിരുന്നു.നിഷാദിനെ പെരുമ്പാവൂരിലെ ജി.എസ്.ടി ഓഫീസില്‍ ചോദ്യംചെയ്യുകയാണ്.