കാസര്‍കോട്:പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബം ഇന്ന് ചെറിയ ഓലപ്പുരയില്‍ നിന്നും പുതിയ വീട്ടിലേക്കു താമസമാക്കും. കൃപേഷിന്റെ കുടുംബത്തിന് ഹൈബി ഈഡന്‍ എംഎല്‍എയുടെ തണല്‍ പദ്ധതിയിലുള്‍പ്പെടുത്തിയാണ് വീടു നിര്‍മ്മിച്ചു നല്‍കിയത്. വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ ഹൈബി ഈഡന്‍, കോണ്‍ഗ്രസ് നേതാക്കളായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഹക്കിം കുന്നില്‍ എന്നിവര്‍ സംബന്ധിക്കും.
സൗകര്യങ്ങളൊന്നുമില്ലാത്ത ചെറിയ ഓലപ്പുരയില്‍നിന്നും അടച്ചുറപ്പുള്ള വീട് വെച്ച് മാറണമെന്നത് കൃപേഷിന്റെ സ്വപ്‌നമായിരുന്നെന്നും അത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്നും കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞു. കൃപേഷിന്റെ വിളിപ്പേരായ ‘കിച്ചു’എന്നാണ് വീടിന് പേരിട്ടിരിക്കുന്നത്.
പഴയ വീടിനോട് ചേര്‍ന്ന് 1100 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ് വീട് നിര്‍മ്മിച്ചത്.ശുചി മുറികളോട് കൂടിയ മൂന്ന് കിടപ്പുമുറികളും സ്വീകരണ മുറിയും ഭക്ഷണ മുറിയും അടുക്കളയും ചേര്‍ന്നതാണ് വീട്.പ്രവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വീട്ടു വളപ്പില്‍ കുഴല്‍ കിണറും നിര്‍മിച്ചുനല്‍കിയിട്ടുണ്ട്.കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൃപേഷിന്റെ ബന്ധുക്കളുമടക്കം ചടങ്ങുകളില്‍ പങ്കെടുക്കും.