തിരുവനന്തപുരം:പോളിംഗ് ബൂത്തിലെത്തി ആദ്യം വോട്ട് ചെയ്‌തെന്ന് നടന്‍ ടോവിനോ തോമസിന്റെ പോസ്റ്റ് കന്നിവോട്ടെന്ന് തെറ്റിദ്ധരിച്ചു പരിഹസിച്ച ഡോ. സെബാസ്റ്റ്യന്‍ പോളിന് ചുട്ട മറുപടി നല്‍കി ടോവിനോ.തൊട്ടു പിന്നാലെ ഖേദപ്രകടനവുമായി സെബാസ്റ്റ്യന്‍ പോളും.
തന്റെ പോളിംഗ് ബൂത്തില്‍ എത്തി വോട്ട് ചെയ്ത ആദ്യത്തെ വോട്ടര്‍ താനാണെന്ന് ചിത്രം സഹിതം ടോവിനോ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇത് കന്നി വോട്ടെന്ന രീതിയില്‍ തെറ്റിദ്ധരിച്ച ഡോക്ടര്‍ സെബാസ്റ്റ്യന്‍ പോള്‍ ഫേസ് ബുക്കിലൂടെ പരിഹസിക്കുകയായിരുന്നു.
”ചില താരങ്ങള്‍ കന്നിവോട്ട് ചെയ്തതായി വാര്‍ത്ത കണ്ടു.മോഹന്‍ലാലും ടൊവിനോ തോമസും അക്കൂട്ടത്തില്‍ പെടുന്നു. ഇരുവര്‍ക്കും ഇപ്പോഴായിരിക്കാം ജനാധിപത്യത്തിലെ പ്രായപൂര്‍ത്തിയായത്. ‘എന്നായിരുന്നു സെബാസ്റ്റ്യന്‍ പോളിന്റെ ഫേസ്ബുക്ക് കുറിപ്പ്.
എന്നാല്‍ തൊട്ടു പിന്നാലെ ഇതിനു മറുപടി ടോവിനോ ഫേസ്ബുക്കിലൂടെത്തന്നെ നല്‍കി.”അങ്ങയോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു പറയട്ടെ ,ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുത്.ഇത്തവണ ഞാന്‍ ചെയ്തത് എന്റെ കന്നി വോട്ട് അല്ല . Was the first one to vote from my polling station എന്ന് ഞാന്‍ എഴുതിയത് എന്റെ പോളിംഗ് സ്റ്റേഷനില്‍ ഇന്ന് ആദ്യം വോട്ട് ചെയ്തത് ഞാന്‍ ആണ് എന്ന അര്‍ത്ഥത്തിലാണ്. അതിന്റെ അര്‍ത്ഥം അങ്ങനെ തന്നെ ആണെന്ന് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു. അങ്ങയെപ്പോലെ ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാള്‍ കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ ഇങ്ങനെ ഇവിടെ കുറിക്കുന്നത് അങ്ങേക്ക് തന്നെ അപഹാസ്യമാണ്. പിന്നെ എനിക്ക് പ്രായപൂര്‍ത്തി ആയതിന് ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പിനും ഞാന്‍ എവിടെയാണെങ്കിലും അവിടുന്ന് എന്റെ നാടായ ഇരിങ്ങാലക്കുടയില്‍ വന്ന് എന്റെ വോട്ട് രേഖപ്പെടുത്താറുണ്ട്. ആവശ്യമെങ്കില്‍ സാറിനു അന്വേഷിക്കാന്‍ വഴികള്‍ ഉണ്ടല്ലോ. അന്വേഷിച്ചു ബോധ്യപ്പെടൂ. നന്ദി.”
ടോവിനോയുടെ മറുപടി കണ്ട സെബാസ്റ്റ്യന്‍ പോള്‍ ഉടന്‍ ഫേസ്ബുക്കിലൂടെ ഖേദം പ്രകടിപ്പിച്ചു പോസ്റ്റിട്ടു. ”ടോവിനോയുടെ കുറിപ്പ് തെറ്റായി മനസിലാക്കി പ്രതികരിച്ചതില്‍ ഖേദിക്കുന്നു. ജനാധിപത്യത്തോടുള്ള ഈ യുവനടന്റെ പ്രതിബദ്ധത വിശദമാക്കാന്‍ ഈ തെറ്റ് അവസരമായി.വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ എന്റെ കുറിപ്പില്‍നിന്ന് ടൊവിനോയുടെ പേര് ഒഴിവാക്കുന്നു.” എന്നായിരുന്നു സെബാസ്റ്റ്യന്‍ പോളിന്റെ കുറിപ്പ്.