കോട്ടയം:പിളര്‍പ്പിലേക്കെന്നുറപ്പിച്ച് കേരളകോണ്‍ഗ്രസ്. അധികാരത്തര്‍ക്കം രൂക്ഷമായിക്കൊണ്ടിരിക്കെ ജോസ് കെ മാണി വിഭാഗം നാളെ കോട്ടയത്ത് സംസ്ഥാന സമിതി യോഗം വിളിച്ചു. യോഗം ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുക്കും. ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന പിടിവാശിയില്‍ ജോസഫ് വിഭാഗം ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി പിളരാനാണ സാധ്യത.
സംസ്ഥാന കമ്മറ്റി വിളിക്കണമെന്ന് 127 പേര്‍ ഒപ്പിട്ട കത്ത് ജോസ് കെ മാണി വിഭാഗം ജോസഫിന് നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനക്കമ്മറ്റി വിളിക്കാന്‍ ജോസഫ് തയ്യാറാവാത്തതിനെത്തുടര്‍ന്നാണ് ജോസ് കെ മാണി വിഭാഗം യോഗം വിളിക്കാന്‍ തീരുമാനിച്ചത്. നാളെ ഉച്ചയക്ക് രണ്ടിന് കോട്ടയം സിഎസ്‌ഐ റിട്രീറ്റ് സെന്ററിലാണ് യോഗം വിളിച്ചിരിക്കുന്നത്. ജോസഫിനടക്കം നാളെ എല്ലാവര്‍ക്കും ക്ഷണമുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു.
അതേസമയം ജോസ് കെ മാണി സംസ്ഥാന സമിതി വിളിച്ചത് അനധികൃതവും ഭരണാഘടനാവിരുദ്ധവുമാണെന്ന് വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫ് പറഞ്ഞു.ചെയര്‍മാന്റെ അധികാരമുള്ള വര്‍ക്കിംഗ് ചെയര്‍മാനു മാത്രമേ സംസ്ഥാനക്കമ്മറ്റി വിളിക്കാന്‍ അധികാരമുള്ളെന്നും ജോസഫ് പറഞ്ഞു.