തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് 1600 കോടി രൂപയുടെ വായ്പ അനുവദിക്കുമെന്ന് എസ്.ബി.ഐ. കൃഷിമന്ത്രിയുമായി ബാങ്ക് അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കര്‍ഷകരുടെ വായ്പാ കുടിശ്ശികയുടെ പകുതി തുക എഴുതിത്തള്ളുമെന്നും ബാങ്ക് പ്രഖ്യാപിച്ചു.

എസ്.ബി.ഐ-എസ്.ബി.ടി ലയനത്തോടെ കര്‍ഷക ദ്രോഹ നടപടികള്‍ സ്വീകരിക്കുന്നു എന്നാരോപിച്ച് നേരത്തെ കര്‍ഷകര്‍ എസ്.ബി.ഐയെ ബഹിഷ്‌കരിച്ചിരുന്നു. ഇത് സര്‍ക്കാരും എസ്.ബി.ഐയും തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്മയ്ക്കും വഴിവെച്ചു. തുടര്‍ന്ന് എസ്.ബി.ഐ ഉന്നത ഉദ്യോഗസ്ഥര്‍ കൃഷി മന്ത്രിയുമായി നടത്തിയ സമവായ ചര്‍ച്ചയിലാണ് പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 31നകം 1,600 കോടി രൂപ കാര്‍ഷിക വായ്പ ഇനത്തില്‍ എസ്.ബി.ഐ സംസ്ഥാനത്ത് അനുവദിക്കും. നിലവില്‍ കാര്‍ഷിക വായ്പ കുടിശ്ശിക ഉള്ളവര്‍ക്ക് കടാശ്വാസ പദ്ധതി നടപ്പാക്കും. മൊത്തം കുടിശ്ശികയുടെ പകുതി അടച്ചാല്‍ ബാക്കി എഴുതിത്തള്ളും. 2016 മാര്‍ച്ച് 31ന് കുടിശ്ശികയുള്ളതായി ബാങ്ക് കണക്കാക്കിയ 36,000 കര്‍ഷകര്‍ക്കാണ് ഇതിന്റെ ഗുണം കിട്ടുന്നത്. പച്ചക്കറി കൃഷിക്ക് നാല് ശതമാനം പലിശയില്‍ മൂന്ന് ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. 37 ശതമാനത്തോളം കര്‍ഷകരാണ് സംസ്ഥാനത്ത് എസ്.ബി.ഐയിലൂടെ ഇടപാട് നടത്തുന്നത്. ഇവര്‍ കൂട്ടത്തോടെ അക്കൗണ്ട് പിന്‍വലിക്കുമെന്ന സാഹചര്യത്തിലാണ് ബാങ്കും സര്‍ക്കാരും തമ്മില്‍ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയത്.

കര്‍ഷകരുടെ പരാതികള്‍ കേള്‍ക്കാന്‍ കൃഷി മന്ത്രി വിളിപ്പുറത്ത് എന്ന കോള്‍ സെന്റര്‍ സംവിധാനം നവംബര്‍ ഒന്നിന് തുടങ്ങും. എല്ലാ മാസത്തെയും ആദ്യ ബുധനാഴ്ചകളില്‍ വൈകുന്നേരം 5.30 മുതല്‍ 6.30 വരെ കൃഷി മന്ത്രിയോട് നേരിട്ട് ഫോണില്‍ പരാതി അറിയിക്കാം.