ന്യൂഡെല്‍ഹി:താന്‍ 1987-88 കാലഘട്ടത്തോടെ തന്നെ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചിട്ടുണ്ടെന്ന് പറഞ്ഞ മോദിയെ ട്രോളി സോഷ്യല്‍ മീഡിയ.’ഇന്‍ക്രെഡിബിള്‍ ലയര്‍’ എന്നു വിളിച്ചാണ് സോഷ്യല്‍ മീഡിയ മോഡിയെ ട്രോളുന്നത്.ന്യൂസ് നാഷണ്‍സിനു നല്‍കിയ അഭിമുഖത്തില്‍ എങ്ങനെയാണ് ഒരു ‘ഗാഡ്ജറ്റ് ഫ്രീക്ക്’ ആയതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മോഡി. 1988ലേ ഡിജിറ്റല്‍ ക്യാമറയും ഇമെയിലും ഉപയോഗിച്ചെന്നും 1990 കളില്‍ താന്‍ സ്റ്റൈലസ് പേനകള്‍(ടച്ച് സ്‌ക്രീന്‍ ഉപകരണങ്ങളില്‍ എഴുതാന്‍ ഉപയോഗിക്കുന്ന പേന) ഉപയോഗിച്ചിരുന്നെന്നും മോഡി അവകാശപ്പെടുന്നു.
1987-88 കാലത്ത് താന്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് എല്‍ കെ അദ്വാനിയുടെ ചിത്രം പകര്‍ത്തുകയും അത് ഡല്‍ഹിയിലേക്ക് ഇമെയിലായി അയച്ചെന്നും മോഡി പറയുന്നു.ഇന്ത്യയില്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച ആദ്യ വ്യക്തി താനാണെന്നാണ് മോദിയുടെ അവകാശവാദം.
എന്നാല്‍ 1987 ലാണ് ആദ്യത്തെ ഡിജിറ്റല്‍ ക്യാമറ നിക്കോണ്‍ പുറത്തിറക്കിയതെന്നും അന്ന് ക്യാമറയ്ക്ക് വലിയ വിലയായിരുന്നെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. ദാരിദ്ര്യത്തില്‍ ജീവിച്ചുവെന്ന് എപ്പോഴും പറഞ്ഞുശകാണ്ടിരിക്കുന്ന മോദി എങ്ങനെയാണ് വിലയേറിയ ഡിജിറ്റല്‍ ക്യാമറ സ്വന്തമാക്കിയതെന്ന് വിമര്‍ശകര്‍ ചോദിക്കുന്നു. കൂടാതെ,വി എസ് എന്‍ എല്‍ ഇന്റര്‍നെറ്റ് സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി 1995ല്‍ ആണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.അപ്പോള്‍ 88 -ല്‍ മോദി ഇമെയിലയച്ചെന്നത് എത്രവലിയ തള്ളാണെന്നാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്.
88-ല്‍ മോദിയുടെ ഇ-മെയില്‍ വിലാസം എന്തായിരുന്നെന്ന് ആര്‍ക്കെങ്കിലും അറിയാമോ എന്ന പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ദിവ്യസ്പന്ദന ട്വിറ്ററിലൂടെ പരിഹസിക്കുന്നു.