ന്യൂഡല്‍ഹി:തെരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഒരു മണ്ഡലത്തിലെ 5 ബൂത്തിലെ വിവിപാറ്റ് രസീതുകള്‍ എണ്ണിയാല്‍ മതിയെന്ന തീരുമാനം പുനഃപരിശോധിക്കണം എന്നായിരുന്നു ഹര്‍ജി.ചന്ദ്രബാബു നായിഡു അടക്കം 21 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ് ഹര്‍ജി നല്‍കിയിരുന്നത്. പുനഃപരിശോധന ഹര്‍ജി അനാവശ്യമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ്,ജസ്റ്റിസുമാരായ ദീപക് ഗുപ്ത സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബഞ്ചാണ് പുനഃപരിശോധന ഹര്‍ജി പരിഗണിച്ചത്.
നാലുഘട്ടങ്ങളിലെ വോട്ടെടുപ്പിലും വോട്ടിംഗ് വ്യാപകക്രമക്കേടുകള്‍ കണ്ടെത്തിയതായി പ്രതിപക്ഷം ഹര്‍ജിയില്‍ പറയുന്നു. ആന്ധ്രയിലടക്കം വലിയ രീതിയില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് നടന്നുവെന്നും അതിനാല്‍ അമ്പതു ശതമാനം വിവിപാറ്റ് രസീതുകള്‍ എല്ലാ മണ്ഡലങ്ങളിലും എണ്ണണമെന്നായിരുന്നു പ്രതിപക്ഷം ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.