തിരുവനന്തപുരം: സംസ്ഥാനത്ത് രാജീവ് ഗാന്ധി നാഷണല്‍ ക്രഷ് സ്കീം പദ്ധതി പ്രകാരം 571 ക്രഷുകള്‍ മുന്‍കാല പ്രാബല്യത്തോടെ സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്തതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു. നടപ്പുവര്‍ഷം ജനുവരി ~ഒന്നുമുതല്‍ സ്കീം നടത്തിപ്പിനായുള്ള ഹോണറേറിയം, അലവന്‍സുകള്‍ ഉള്‍പ്പെടെ ക്രഷുകള്‍ക്ക് ലഭിക്കും. ഇതിനായി 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമായാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡപ്രകാരം എന്‍.ജി.ഒ. വിഹിതവും ഉള്‍പ്പെടുത്തണം എന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ വിഹിതം 60 ശതമാനവും സംസ്ഥാന സര്‍ക്കാര്‍ വിഹിതം 30 ശതമാനവും ഉള്‍പ്പെടെയാകും ക്രഷുകള്‍ക്കുള്ള ചെലവ് വിഹിതം നല്‍കുക. ഇതില്‍ ബാക്കി 10 ശതമാനം തുക എന്‍.ജി.ഒ വിഹിതമാണ്.
സംസ്ഥാന ശിശുക്ഷേമ സമിതി നടത്തിവരുന്ന 220 ക്രഷുകളുടെ നടത്തിപ്പ് ശിശുക്ഷേമ സമിതിയെ തന്നെ ഏല്‍പ്പിച്ചു. ഇതോടെ നാഷണല്‍ ക്രഷ് സ്കീം പദ്ധതി പ്രകാരം എന്‍.ജി.ഒ. വിഹിതമായ 10 ശതമാനം തുക ശിശുക്ഷേമ സമിതി തന്നെ വഹിക്കും. സംസ്ഥാന സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ നടത്തിയിരുന്ന 351 ക്രഷുകള്‍ക്ക് അവ നിലവില്‍ നടത്തുന്ന എന്‍.ജി.ഒമാര്‍ തങ്ങളുടെ 10 ശതമാനം വിഹിതം വഹിക്കണമെന്ന നിബന്ധനയില്‍ സാമൂഹ്യനീതി വകുപ്പ് മുഖേനെ കേന്ദ്ര വിഹിതമായ 60 ശതമാനം തുകയും സംസ്ഥാന വിഹിതമായ 30 ശതമാനം തുകയും നല്‍കും. ഇത് നടപ്പുവര്‍ഷം ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാവും നല്‍കുക. ഐ.സി.ഡി.എസ്. ന്റെ ബ്ലോക്ക്, ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റികള്‍ യഥാക്രമം സ്കീമിന്റെ ബ്ലോക്ക്, ജില്ലാതല കമ്മിറ്റികളായും ഐ.സി.ഡി.എസ്. മിഷന് എക്സിക്യൂട്ടീവ് കമ്മിറ്റി സംസ്ഥാന മോണിറ്ററിംഗ് കമ്മിറ്റിയായും ഇനി മുതല്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.