തിരുവനന്തപുരം:പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ലക്ഷ്യത്തിലേക്കടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.58506 പേരെ ഇന്ന് മാത്രം രക്ഷപ്പെടുത്തി.ചാലക്കുടി, ചെങ്ങന്നൂര്‍ മേഖലകളിലാണ് ഇന്നലെ കൂടുതല്‍ പ്രശ്നബാധിത മേഖലായി പറഞ്ഞിരുന്നത്.ഇവിടെ സേനകളുടെ നല്ല രീതിയിലുള്ള പ്രവര്‍ത്തനത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നദികളിലെ കുത്തൊഴുക്കും,മോശം കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചെങ്കിലും ഇതിനയെല്ലാം നേരിട്ടാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി ലക്ഷ്യത്തിലേക്കെത്തിയത്.ഇതിനു സഹായകമായത് കേരളത്തിന്റെ ജനാധിപത്യമനസും ഒരുമയുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.പരമാവധി പേരെ രക്ഷിക്കാന്‍ കഴിഞ്ഞു.ഇനിയും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
94 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തിലൊരു ദുരന്തം കേരളത്തിലുണ്ടാകുന്നത്. കേരളത്തിന്റെ എല്ലാത്തരത്തിലുമുള്ള പ്രത്യേകതകളും മനസിലാക്കിയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
ഇന്ന് മാത്രം 22 ഹെലികോപ്റ്റര്‍ , 83 നേവി ബോട്ട്, 57 എന്‍ഡിആര്‍എഫ് ടീമും ബോട്ടുകളും, 5 ഡിഎസ്എഫ്ഡി, 35 കോസ്റ്റ്ഗാര്‍ഡ് ടീമും ബോട്ടുകളും, 59 ഫയര്‍ഫോഴ്‌സ് ബോട്ട്, 600 മത്സ്യത്തൊഴിലാളികള്‍, 40000 പൊലീസുകാരും ബോട്ടുകളും, 3200 ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഇന്ന് രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ടായിരുന്നത്.
തമിഴ്‌നാട്,ആസാം, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായപ്പോഴും ഗുജറാത്തില്‍ ഭൂകമ്പമുണ്ടായപ്പോഴും സംസ്ഥാന സര്‍ക്കാരും സൈന്യവും യോജിച്ചുള്ള പ്രവര്‍ത്തനമാണ് നടത്തിയത്.ഒരിടത്തും സൈന്യം ഒറ്റക്ക് ഡിസാസ്റ്റര്‍ ഓപ്പറേഷന്റെ ചുമതല ഒറ്റയ്ക്ക് നടത്തിയിട്ടില്ല.സിവില്‍ ഭരണ സംവിധാനത്തെ സഹായിക്കുക എന്നതാണ് സൈന്യത്തിന്റെ ചുമതല.രക്ഷാദൗത്യം പൂര്‍ണ്ണമായും സൈന്യത്തെ ഏല്‍പ്പിക്കണമെന്ന രമേശ്‌ചെന്നിത്തലയുടെ ആവശ്യത്തിനുള്ള പരോക്ഷ മറുപടിയായാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
രക്ഷാപ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്വം പൊലീസിനും ജില്ലാഭരണകൂടത്തിനുമാണ്. ഇതിനായി ജില്ലയിലെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ സ്‌പെഷ്യല്‍ ഓഫീസര്‍മാരായി ചുമതലപ്പെടുത്തിയിരുന്നു.ജനങ്ങളെ പേടിപ്പെടുത്തുന്ന രീതിയിലുള്ള ഇടപെടലുകള്‍ ആരുടെ ഭാഗത്ത് നിന്നായാലും അവസാനിപ്പിക്കണമെന്നും ദുരന്തം നേരിടാന്‍ ഒരേ മനസോടെ പ്രവര്‍ത്തിക്കുന്ന ഘട്ടത്തില്‍ അപസ്വരങ്ങള്‍ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.